ആര്‍സിബിയുടെ കിരീട നേട്ടം; ബംഗളൂരുവില്‍ ആഘോഷത്തിനിടെ രണ്ട് മരണം

Update: 2025-06-04 10:10 GMT

ബംഗളൂരു: ഐപിഎല്‍ കിരീട നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരൂ ആരാധകരുടെ വിജയാഘോഷത്തിനിടെ രണ്ട് പേര്‍ മരിച്ചു. ശിവമോഗയിലും ബെളഗാവിയിലും നടന്ന ആഘോഷത്തിലാണ് രണ്ടുപേര്‍ മരിച്ചത്. ബെളഗാവിലെ റാലിക്കിടെയാണ് മഞ്ജുനാഥ കുംഭാകര്‍ (25) എന്ന യുവാവ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശിവമോഗയില്‍ ആരാധകര്‍ നടത്തിയ ഒരു ബൈക്ക് റാലിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അഭിനന്ദന്‍ (21) എന്ന യുവാവ് മരിച്ചത്. രവീന്ദ്രനഗറിലെ ഗണപതി ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിനന്ദന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മറ്റൊരു ആരാധകന് സാരമായി പരിക്കേറ്റു. 18 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആര്‍സിബി ഐപിഎല്‍ കിരീടം നേടിയത് ആരാധകര്‍ മതിമറന്ന് ആഘോഷിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയും ആഘോഷം തുടര്‍ന്നതോടെ പല സ്ഥലത്തും പോലിസ് ലാത്തി വീശിയിരുന്നു.




Tags: