ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിന് ഐപിഎല്‍-അന്താരാഷ്ട്ര മല്‍സരങ്ങള്‍ നടത്താന്‍ അനുമതി
ഹൈദരാബാദ്: ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് ഐപിഎല്‍, അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും നടത്താന്‍ അനുമതി ലഭിച്ചതായി കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്സിഎ) അറിയിച്ചു. സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും നിര്‍ദ്ദേശിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിച്ചായിരിക്കും മല്‍സരങ്ങളെന്ന് കെഎസ്സിഎ വക്താവ് വിനയ് മൃത്യുഞ്ജയ പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ച ടാസ്‌ക് ഫോഴ്സ് സമര്‍പ്പിച്ച റിപോര്‍ട്ട് പരിശോധിച്ച ശേഷമാണ് ആഭ്യന്തര വകുപ്പ് മല്‍സരങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയത്.
ആര്‍സിബിയുടെ ഐപിഎല്‍ 2025 കിരീട നേട്ട ആഘോഷത്തിനിടെയുണ്ടായ ദുരന്തത്തെ തുടര്‍ന്ന് സ്റ്റേഡിയം ക്രിക്കറ്റ് കലണ്ടറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. മാസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് മാര്‍ക്വീ ക്രിക്കറ്റ് മല്‍സരങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനുള്ള ഔദ്യോഗിക അനുമതിയായത്. നേരത്തെ ദുലീപ് ട്രോഫി, ഇന്ത്യ-ദക്ഷിണാഫ്രിക്ക പുരുഷ എ പരമ്പര, വിജയ് ഹസാരെ ട്രോഫി, 2025 ലെ ഐസിസി വനിതാ ഏകദിന ലോകകപ്പ്, ഫൈനല്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന മല്‍സരങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് മാറ്റിയിരുന്നു.
'നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ വ്യവസ്ഥകളും പാലിക്കുമെന്ന് കെഎസ്സിഎ പറഞ്ഞു. അസോസിയേഷന്‍ ഇതിനകം തന്നെ വിദഗ്ദ്ധ അവലോകന സമിതിക്ക് മുമ്പാകെ വിശദമായ ഒരു കംപ്ലയന്‍സ് റോഡ്മാപ്പ് അവതരിപ്പിച്ചിട്ടുണ്ട്, കൂടാതെ എല്ലാ സുരക്ഷ, ആള്‍ക്കൂട്ട മാനേജ്മെന്റ് നടപടികളും അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് മൃത്യുഞ്ജയ കൂട്ടിച്ചേര്‍ത്തു.
