വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ബിസിസിഐ 51 കോടി നല്‍കും; ഐസിസിയുടെ സമ്മാനതുകയേക്കാള്‍ കൂടുതല്‍

Update: 2025-11-03 06:29 GMT

നവി മുംബൈ: വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിനും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ വക വമ്പന്‍ പാരിതോഷികം. ആദ്യമായി ഐസിസി ലോകകപ്പ് നേടിയ ടീമിന് 51 കോടി രൂപയുടെ സമ്മാനത്തുകയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയയാണ് പ്രഖ്യാപനം നടത്തിയത്. ലോകകപ്പ് ജേതാക്കള്‍ക്ക് ഐസിസി നല്‍കുന്ന സമ്മാനത്തുകയേക്കാള്‍ ഉയര്‍ന്ന പാരിതോഷികമാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്ന മഹത്തായ നേട്ടമെന്നാണ് ടീമിന്റെ കിരീടവിജയത്തെ ദേവ്ജിത് സൈകിയ വിശേഷിപ്പിച്ചത്. 1983-ലെ ഇന്ത്യയുടെ ഐതിഹാസിക ലോകകപ്പ് വിജയത്തിന് സമാനമാണ് ഈ വിജയമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ ടീമിന്റെ ചരിത്ര നേട്ടത്തെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു.

ലോകകപ്പ് ജേതാക്കള്‍ക്ക് 39.77 കോടി രൂപയാണ് ഐസിസിയുടെ സമ്മാനത്തുക. കഴിഞ്ഞ വനിതാ ലോകകപ്പ് വിജയിച്ച ഓസ്ട്രേലിയക്ക് 11 കോടി രൂപയാണ് ലഭിച്ചിരുന്നത്. പുരുഷ-വനിതാ ടീമുകളുടെ സമ്മാനത്തുക തുല്യമായിനല്‍കാന്‍ ഐസിസി തീരുമാനിച്ചതോടെയാണ് ഇത്തവണ വര്‍ധനയുണ്ടായത്. കഴിഞ്ഞ പുരുഷ ലോകകപ്പിലെ വിജയിച്ച ടീമിന് 35.51 കോടി രൂപയാണ് നല്‍കിയത്.



Tags: