വനിതാ ലോകകപ്പ് കിരീടം നേടിയാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ നല്‍കുക വന്‍ പാരിതോഷികം
നവി മുംബൈ: ഞായറാഴ്ച നടക്കുന്ന വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കിരീടം നേടിയാല്‍ ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികമെന്ന് റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പ് കിരീടം നേടിയാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ 125 കോടി രൂപ സമ്മാനമായി നല്‍കനുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കിരീടം നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരുഷ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികമായി നല്‍കിയത്. പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യവേതനം നല്‍കുന്ന കാര്യത്തില്‍ ബിസിസിഐക്ക് അനുകൂല നിലപാടാണുള്ളത്. ഈ സാഹചര്യത്തില്‍ വനിതാ താരങ്ങള്‍ക്കുള്ള സമ്മാനത്തുകയുടെ കാര്യത്തിലും വിവേചനുമുണ്ടാകില്ലെന്നാണ് കരുതുന്നത്.
എന്നാല്‍ ലോകകപ്പ് കിരീടം നേടുന്നതിന് മുമ്പ് പാരിതോഷികം പ്രഖ്യാപിക്കുന്നത് അനുചിതമാകും എന്നതിനാലാണ് പാരിതോഷികത്തിന്റെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. സമ്മാനത്തുക എന്തായാലും പുരുഷ ടീമിന് നല്‍കിയതില്‍ നിന്ന് ഒട്ടും കുറയില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് വിജയത്തിന് അടുത്തെത്തി 9 റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എട്ട് വര്‍ഷത്തിനുശേഷം ലോകകപ്പിലെ ആദ്യ കിരീടത്തില്‍ മുത്തമിട്ടാല്‍ അതിന്റെ പത്തിരട്ടിയിലേറെയാണ് താരങ്ങള്‍ക്ക് സ്വന്തമാവുക.
വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ആദ്യ കീരീടം തേടിയാണ് ഇരു ടീമുകളും ഞായറാഴ്ച ഗ്രൗണ്ടിലിറങ്ങുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്.
2005ല്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയപ്പോള്‍ 2017ല്‍ ഇംഗ്ലണ്ടാണ് ഇന്ത്യയെ കണ്ണീരുകുടിപ്പിച്ചത്. ഹോം ഗ്രൗണ്ടില്‍ മൂന്നാം തവണ കലാശപ്പോരിന് ഇറങ്ങുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല. അജയ്യരെന്ന വിശേഷണമുള്ള ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നതെങ്കില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കക്ക് കരുത്താകും.

