ഗൗതം ഗംഭീറിന് ബിസിസിഐ നോട്ടിസ്

Update: 2025-11-29 07:45 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്് ബിസിസിഐ നോട്ടീസ് അയച്ചതായി റിപോര്‍ട്ട്. ഗംഭീര്‍ തുടരുന്ന കാര്യത്തില്‍ 2026 ട്വന്റി-20 ലോകകപ്പ് കഴിഞ്ഞാലുടന്‍ പുതിയ തീരുമാനമുണ്ടാവും. കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയോട് 30 റണ്‍സിന് പരാജയപ്പെട്ട ശേഷം ഗംഭീര്‍ മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശത്തില്‍ ബിസിസിഐക്ക് അതൃപ്തിയുണ്ട്. സ്പിന്നിന് അനുകൂലമായ പിച്ച് തയ്യാറാക്കാന്‍ അദ്ദേഹം ഈഡന്‍ ഗാര്‍ഡന്‍സിലെ ക്യൂറേറ്ററോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എതിരാളികളുടെ സ്പിന്‍ കെണിയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ മൂക്കുകുത്തി വീണു. പിച്ച് തന്ത്രത്തെ പ്രതിരോധിച്ച് കൊണ്ടായിരുന്നു ഗംഭീറിന്റെ സംസാരം.

പിച്ചിനെ ന്യായീകരിച്ച ഗംഭീര്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ പേരിലാണ് കുറ്റം ചുമത്തിയത്. 'ഞങ്ങള്‍ ആഗ്രഹിച്ചിരുന്ന പിച്ചാണിത്. ക്യൂറേറ്ററുടെ പിന്തുണ വളരെ മികച്ചതായിരുന്നു. ഞങ്ങള്‍ ആഗ്രഹിച്ച പിച്ച് തന്നെയാണ് ലഭിച്ചത്. നിങ്ങള്‍ നന്നായി കളിക്കാത്തപ്പോള്‍, ഇതാണ് സംഭവിക്കുന്നത്'- എന്നായിരുന്നു ഗംഭീറിന്റെ വാക്കുകള്‍.

ഹോം ടെസ്റ്റുകളില്‍ ഏറ്റവുമധികം തോല്‍വി വഴങ്ങിയ ഇന്ത്യന്‍ കോച്ചായി ഗംഭീര്‍ മാറിക്കഴിഞ്ഞു. ന്യൂസിലന്‍ഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ഇരട്ട വൈറ്റ് വാഷുകള്‍ വലിയ ആഘാതമായി. നിലവിലെ സാഹചര്യത്തില്‍ ഗംഭീറിനെതിരെ ബിസിസിഐ ഉടന്‍ നടപടിയെടുക്കില്ല. അതേസമയം, മോശം പ്രകടനത്തിന്റെ പേരില്‍ ഗംഭീറിന്റെ പേരില്‍ കുറ്റംചാര്‍ത്തുന്നത് ശരിയല്ലെന്ന് ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക് പറഞ്ഞു. ക്യൂറേറ്റര്‍മാര്‍, ബാറ്റിങ്ങ് കോച്ച്, ബാറ്റര്‍മാര്‍ എന്നിവരെ കുറിച്ച് പറയാതെ ഗംഭീറിനെ മാത്രം പഴിക്കുന്നത് വ്യക്തിഗത അജണ്ടകള്‍ വച്ച് കൊണ്ടാവാം എന്നും കൊട്ടക് അഭിപ്രായപ്പെട്ടു. കോച്ചിനെ പെട്ടെന്ന് ഒഴിവാക്കുന്നത് പരിഹാരമല്ലെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക് പറഞ്ഞു.

അതിനിടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഗംഭീര്‍ റാഞ്ചിയില്‍ എത്തി. ടീമിനൊപ്പം യാത്ര ചെയ്യാത ഗംഭീര്‍ ഒറ്റയ്ക്കാണ് ഇവിടേക്ക് എത്തിയത്. അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് ഉള്‍പ്പെടെ മിക്ക കളിക്കാരും ഒരു ദിവസം മുമ്പ് നഗരത്തില്‍ എത്തിയിരുന്നു.നവംബര്‍ 30 ഞായറാഴ്ച നടക്കുന്ന മല്‍സരത്തിന് മുന്നോടിയായി രോഹിത് ശര്‍മ, വിരാട് കോഹ് ലി തുടങ്ങിയ മുതിര്‍ന്ന കളിക്കാരും നഗരത്തിലെത്തി പരിശീലനം ആരംഭിച്ചു.




Tags: