ഇന്ത്യക്കെതിരേ ഹസ്തദാനം നല്‍കാത്തതിന് വിശദീകരണവുമായി ബിസിബി; ടോസിനെത്താതിരുന്നത് ക്യാപ്റ്റന് അസുഖം ബാധിച്ചതിനാല്‍

Update: 2026-01-18 06:49 GMT

ബുലാവായോ: ശനിയാഴ്ച ഇന്ത്യക്കെതിരായ അണ്ടര്‍-19 ലോകകപ്പിനിടെയുണ്ടായ സംഭവങ്ങളില്‍ വിശദീകരണവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ടോസ് സമയത്ത് ഹസ്തദാനം ചെയ്യാതിരുന്നത് ശ്രദ്ധക്കുറവ് കൊണ്ട് സംഭവിച്ചതാണെന്നും അതില്‍ അനാദരവില്ലെന്നും ബിസിബി പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം ക്യാപ്റ്റന്‍ എത്താതിരുന്നത് അസുഖബാധിതനായതിനാലാണെന്നും ബോര്‍ഡ് വിശദീകരിച്ചു. ലോകകപ്പ് മല്‍സരത്തിനു മുന്നോടിയായി ടോസ് ഇടുന്ന സമയത്ത് ഇരുടീമിന്റെയും ക്യാപ്റ്റന്മാര്‍ പരസ്പരം കൈകൊടുക്കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് ബിസിബിയുടെ പ്രതികരണം. ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്ര, ബംഗ്ലാദേശിന്റെ വൈസ് ക്യാപ്റ്റന്‍ സവാദ് അബ്രാര്‍ എന്നിവരാണ് ടോസ് ഇടാനെത്തിയത്. ഇതിനിടെ സൗഹൃദസംഭാഷണവുമുണ്ടായിരുന്നില്ല.

അസുഖബാധിതനായതിനാലാണ് ക്യാപ്റ്റന്‍ അസീസ് ഹക്കീമിന് ടോസ്സിന് എത്താന്‍ കഴിഞ്ഞില്ല. പകരം വൈസ് ക്യാപ്റ്റന്‍ സവാദ് അബ്രാര്‍ ആണ് ടീമിനെ പ്രതിനിധീകരിച്ചത്. എതിര്‍ ടീമിന്റെ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യാതിരുന്നത് മനഃപൂര്‍വമല്ല. അത് ശ്രദ്ധക്കുറവുകൊണ്ട് സംഭവിച്ചതുമാണ്. എതിര്‍ ടീമിനോടുള്ള അനാദരവോ അവഗണനയോ കാണിക്കാനുള്ള യാതൊരു ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ടായിരുന്നില്ല. - ബിസിബി വിശദീകരിച്ചു.

ക്രിക്കറ്റിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതും എതിരാളികളോട് ബഹുമാനം കാണിക്കുന്നതും അടിസ്ഥാനപരമായ കാര്യമാണ്. വിഷയത്തെ ഗൗരവത്തോടെയാണ് സമീപിച്ചതെന്നും അതിനാല്‍ ടീം മാനേജ്മെന്റിന് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു. എതിര്‍ ടീമുകളുമായുള്ള എല്ലാ ഇടപെഴകലുകളിലും താരങ്ങള്‍ സൗഹൃദവും പരസ്പര ബഹുമാനവും പുലര്‍ത്തണമെന്നും ആ ഉത്തരവാദിത്തത്തെക്കുറിച്ച് കളിക്കാരെ ഓര്‍മ്മിപ്പിച്ചതായും ബിസിബി വ്യക്തമാക്കി.