ഡബ്ലിന്‍: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ബംഗ്ലാദേശിന്റെ ആവശ്യം തള്ളി അയര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകാവില്ലെന്നും അതിനാല്‍ തങ്ങളെ ഗ്രൂപ്പ് ബിയിലേക്ക് മാറ്റി അയര്‍ലന്‍ഡിനെ ഗ്രൂപ്പ് സിയിലേക്ക് മാറ്റണമെന്ന നിര്‍ദേശമാണ് ബംഗ്ലാദേശ് മുന്നോട്ടുവച്ചത്. ഗ്രൂപ്പ് ബിയിലുള്ള അയര്‍ലന്‍ഡിന്റെ മുഴുവന്‍ ഗ്രൂപ്പ് മല്‍സരങ്ങള്‍ക്കും വേദിയാവുന്നത് ശ്രീലങ്കയാണ്.
ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ കളിക്കുന്നത് ഒഴിവാക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ ഈ നിര്‍ദേശം അയര്‍ലന്‍ഡ് തള്ളുകയായിരുന്നു. ഗ്രൂപ്പിലോ മല്‍സരക്രമത്തിലോ മാറ്റമുണ്ടാകില്ലെന്ന് ഐസിസി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് അയര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി വ്യക്തമാക്കി. നിലവില്‍ ഗ്രൂപ്പ് ബിയിലുള്ള അയര്‍ലന്‍ഡിനൊപ്പം സിംബാബ്വെ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഒമാന്‍ ടീമുകളാണുള്ളത്. ഗ്രൂപ്പ് സിയിലുള്ള ബംഗ്ലാദേശിനൊപ്പം നേപ്പാള്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഇറ്റലി ടീമുകളുമാണുള്ളത്. കൊല്‍ക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലാദേശിന് ഗ്രൂപ്പ് മല്‍സരങ്ങള്‍ കളിക്കേണ്ടത്.
ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അനുനയപ്പിക്കാനായി ഐസിസി പ്രതിനിധികളായ ഗൗരവ് സക്‌സേനയും ആന്‍ഡ്ര്യു എഫ്ഗ്രേവും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി നടത്തിയ അനുനയ ചര്‍ച്ചയിലായിരുന്നു ഗ്രൂപ്പ് മാറ്റമെന്ന നിര്‍ദേശം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവച്ചത്. ഈ നിര്‍ദേശവും ഐസിസിയും അയര്‍ലന്‍ഡും തള്ളിയതോടെ ബംഗ്ലാദേശ് എന്ത് നിലപാടെടുക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ബംഗ്ലാദേശ് പേസറായ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയ ബിസിസിഐ നടപടിയെ തുടര്‍ന്ന് ഇന്ത്യ-ബംഗ്ലദേശ് ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. പ്രതികാര നടപടിയെന്നോണം ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. പിന്നാലെ അടുത്ത മാസം തുടങ്ങുന്ന ട്വന്റി-20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും വേദി മാറ്റണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചത്.
