ലോകകപ്പ് വേദി മാറ്റാന്‍ വീണ്ടും ഐസിസിക്ക് കത്തയച്ച് ബംഗ്ലാദേശ്

Update: 2026-01-09 07:05 GMT

ഹരാരെ: ട്വന്റി-20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന നിലപാട് തുടര്‍ന്ന് ബംഗ്ലാദേശ്. ലോകകപ്പില്‍ തങ്ങളുടെ വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഐസിസിക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് കത്തയച്ചു. നേരത്തേ ഈ ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതും ബോര്‍ഡ് കത്തയച്ചത്. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ടീമിന്റെ പൂര്‍ണവും തടസ്സമില്ലാത്തതുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഐസിസി ആവര്‍ത്തിച്ചെന്നാണ് നേരത്തേ പ്രസ്താവനയില്‍ ബിസിബി അറിയിച്ചിരുന്നത്.

തങ്ങള്‍ക്ക് ടൂര്‍ണമെന്റ് കളിക്കാന്‍ താത്പര്യമുണ്ടെങ്കിലും രാജ്യത്തിന്റെ അന്തസ്സ് കളഞ്ഞ് ലോകകപ്പ് കളിക്കാനില്ലെന്നാണ് അടുത്തിടെ ബംഗ്ലാദേശ് സര്‍ക്കാരിലെ സ്‌പോര്‍ട്‌സ് അഡൈ്വസറായ ആസിഫ് നസ്രുള്‍ വ്യക്തമാക്കിയത്. ഐസിസിക്ക് ഇന്ത്യയിലെ സാഹചര്യം പൂര്‍ണമായും മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കളിക്കാരുടെ സുരക്ഷ പ്രധാനമാണെന്ന് ബിസിബി പ്രസിഡന്റ് അമിനുള്‍ ഇസ്ലാമും പറഞ്ഞു.