വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ബംഗ്ലാദേശ് താരം ശാക്കിബുല്‍ ഹസന്‍; വിടവാങ്ങല്‍ മല്‍സരം വേണമെന്നാവശ്യം
ധക്ക: ബംഗ്ലാദേശിന്റെ ഇതിഹാസ താരമായ ശാക്കിബുല്‍ ഹസന്‍ ടെസ്റ്റ്, ട്വന്റി-20 ഫോര്‍മാറ്റുകളില്‍നിന്ന് വിരമിച്ച തീരുമാനം പിന്‍വലിച്ചു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും രാജ്യത്തിനായി ഇനിയും കളിക്കാന്‍ ആഗ്രഹിക്കുന്നതായി താരം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടെസ്റ്റ്, ട്വന്റി-20 ഫോര്‍മാറ്റുകളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരം ഒരുവര്‍ഷത്തിലേറെയായി അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചിട്ടില്ല.
'ഔദ്യോഗികമായി ഞാന്‍ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചിട്ടില്ല. ഇക്കാര്യം ആദ്യമായാണ് തുറന്നുപറയുന്നത്. ബംഗ്ലാദേശിനായി വീണ്ടും കളത്തിലിറങ്ങി ടെസ്റ്റും ഏകദിനവും ട്വന്റി-20യും ഉള്‍പ്പെടുന്ന ഒരു പരമ്പര കൂടി കളിച്ച് എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഒരേസമയം വിരമിക്കാനാണ് എന്റെ ആഗ്രഹം, ശാക്കിബ് കൂട്ടിച്ചേര്‍ത്തു.
അതേ സമയം അവാമി ലീഗിന്റെ മുന്‍ എം.പി കൂടിയായ ശാക്കിബിന്റെ പേരില്‍ ഇപ്പോള്‍ രാജ്യത്ത് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ അവാമി ലീഗ് സര്‍ക്കാറിന് വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഫലമായി ഭരണം നഷ്ടപ്പെട്ടിരുന്നു. ഇതോടെ ശാക്കിബ് നിലവിലെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. 38 കാരനായ ശാക്കിബ് ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്. എല്ലാ ഫോര്‍മാറ്റിലുമായി 14,000 റണ്‍സും 700 വിക്കറ്റും നേടിയിട്ടുണ്ട്.