ട്വന്റി-20 ലോകകപ്പ് ബഹിഷ്‌കരിച്ചതില്‍ ബംഗ്ലദേശിന് ഖേദം; അന്വേഷണത്തിന് പുതിയ സമിതി
ധാക്ക: ഈ വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ട്വന്റി-20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് വിട്ടുനിന്നത് വലിയ നയതന്ത്ര പരാജയമാണെന്ന് വിലയിരുത്തി കായിക മന്ത്രി അമിനുല്‍ ഹഖ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ രണ്ടാമതൊരു സമിതിയെ കൂടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ലോകകപ്പ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം എങ്ങനെയുണ്ടായി എന്നും, അത് രാജ്യത്തിന്റെ കായിക ഭാവിയെ എങ്ങനെ ബാധിച്ചു എന്നും സമിതി പരിശോധിക്കും.
''നമ്മുടെ കായിക നയതന്ത്രത്തിന് എവിടെയാണ് പിഴച്ചതെന്ന് നാം തിരിച്ചറിയണം. ഈദ് അവധിക്ക് ശേഷം രൂപീകരിക്കുന്ന അന്വേഷണ സമിതി ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കും. ഭാവിയില്‍ ഇത്തരം വലിയ പിഴവുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.'' അമിനുല്‍ ഹഖ് മാധ്യമങ്ങളോട് പറഞ്ഞു. ലോകകപ്പ് വിവാദത്തിന് പുറമെ, കഴിഞ്ഞ വര്‍ഷം നടന്ന ബിസിബി തിരഞ്ഞെടുപ്പിലെ അഴിമതിയെക്കുറിച്ചും മന്ത്രാലയം അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രിക്കറ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ നേരിട്ട് ഇടപെടലുകള്‍ നടന്നതായി മന്ത്രി ആരോപിച്ചു. ഇത് സംബന്ധിച്ച് ധാക്കയിലെ ക്ലബ്ബുകളില്‍ നിന്നും ജില്ലകളില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
മുന്‍ ക്യാപ്റ്റന്‍ തമിം ഇഖ്ബാലും ഒരു വിഭാഗം ക്ലബ്ബ് ഭാരവാഹികളും ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതായി ആരോപണമുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം പലതവണ മാറ്റിയതും സംശയങ്ങള്‍ക്ക് ഇടയാക്കി. അന്വേഷണ സമിതി 15 പ്രവൃത്തിദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കായിക മന്ത്രി ഐസിസി അധികൃതരുമായി ചര്‍ച്ച നടത്തും. ക്രിക്കറ്റ് ബോര്‍ഡുകളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ഐസിസി നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍, വളരെ സൂക്ഷിച്ചായിരിക്കും അടുത്ത നടപടികള്‍. ബോര്‍ഡ് ഭാരവാഹികള്‍, സിഇഓ, ജില്ലാ അഡ്മിനിസ്ട്രേറ്റര്‍മാര്‍ എന്നിവരില്‍ നിന്നും സമിതി മൊഴിയെടുക്കും.
