പിഎസ്എല്ലില്‍ പങ്കെടുക്കാന്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് അനുമതി

Update: 2026-03-24 09:47 GMT

ധാക്ക: പിഎസ്എല്ലില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. താരങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് പാകിസ്താനുമായി ചര്‍ച്ച നടത്തി. പാകിസ്താന്‍ ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളില്‍ തൃപ്തിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന് ബിസിബി അറിയിച്ചു.

''സുരക്ഷാ സാഹചര്യത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയമായും, ഇസ് ലാമാബാദിലെ ഹൈക്കമ്മീഷനുമായി ചര്‍ച്ച നടത്തി. താരങ്ങളുടെ സുരക്ഷയില്‍ വീഴ്ച വരുത്തില്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ക്ക് നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (NOC) നല്‍കിയത്'' ബിസിബി അധികൃതര്‍ വ്യക്തമാക്കി. അനുമതി ലഭിച്ചതിന് പിന്നാലെ നാല് ബംഗ്ലാദേശ് താരങ്ങള്‍ പാകിസ്താനിലേക്ക് യാത്ര തിരിച്ചതായും ബിസിബി അറിയിച്ചു.

അതേ സമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷവും അതിനെത്തുടര്‍ന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധിയും പാകിസ്താന്‍ സൂപ്പര്‍ ലീഗിനെയും ബാധിച്ചിട്ടുണ്ട്. മാര്‍ച്ച് 26-ന് ആരംഭിക്കാനിരുന്ന ടൂര്‍ണമെന്റ് മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ നടക്കുമെങ്കിലും സ്റ്റേഡിയങ്ങളില്‍ പ്രേക്ഷകര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ലാഹോര്‍, കറാച്ചി എന്നി സ്റ്റേഡിയങ്ങളില്‍ മാത്രമാകും മത്സരം നടത്തുക എന്നും പിസിബി മുന്‍പ് വ്യക്തമാക്കിയിരുന്നു.