ന്യൂഡല്‍ഹി: ഐപിഎല്‍ മല്‍സരങ്ങളുടെ സംപ്രേഷണം വിലക്കി ബംഗ്ലാദേശ് സര്‍ക്കാര്‍. ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ബംഗ്ലാദേശിന്റെ നടപടി. രാജ്യത്തെ ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി. അനിശ്ചിതകാലത്തേക്കാണ് വിലക്ക്. നേരത്തേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്തിരുന്നു. എന്നാല്‍ ലോകകപ്പിലെ ബംഗ്ലാദേശിന്റെ മല്‍സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം ബിസിസിഐ തള്ളി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എല്ലാ മല്‍സരങ്ങളുടേയും പരിപാടികളുടേയും സംപ്രേഷണം നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ബിജെപിയുടേയും ഹിന്ദുത്വ സംഘടനകളുടേയും പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി, മുസ്താഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ബിസിസിഐ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിനു പിന്നിലുള്ള വ്യക്തമായ കാരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഇത് ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
ബിസിസിഐ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനില്ലെന്ന കടുത്ത നിലപാടിലേക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എത്തിയത്. താരങ്ങളുടേയും പരിശീലകരുടേയും ആരാധകരുടേയും സുരക്ഷയില്‍ ആശങ്കയുണ്ടെന്നും മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഐസിസിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ബിസിബി ആവശ്യത്തോട് ജയ് ഷാ അധ്യക്ഷനായ ഐസിസിക്ക് അനുകൂല നിലപാട് അല്ലെന്നാണ് റിപോര്‍ട്ടുകള്‍.
ലോകകപ്പിന് ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. ഈ ഘട്ടത്തില്‍ ഷെഡ്യൂള്‍ തിരുത്തുക എളുപ്പമല്ല. ഇംഗ്ലണ്ടും ഇറ്റലിയുമെല്ലാം ഉള്‍പ്പെടുന്ന സി ഗ്രൂപ്പിലാണ് ബംഗ്ലാദേശ്. മല്‍സര ക്രമം തിരുത്തിയാല്‍ അവരേയും ബാധിക്കും. അവസാന നിമിഷത്തില്‍ യാത്ര ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും ഐസിസി വ്യക്തമാക്കുന്നു. ഇരു ബോര്‍ഡുകളേയും വിളിച്ചുവരുത്തി രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാനാണ് ഐസിസിയുടെ ശ്രമം. ആവശ്യമെങ്കില്‍ സര്‍ക്കാരുകളേയും ഇടപെടുത്തും. അതേസമയം വേദി മാറ്റാനാവില്ലെന്ന നിലപാടിലാണ് ബിസിസിഐ.
ബംഗ്ലാദേശ് താരങ്ങളെ ഐപിഎലില്‍ കളിപ്പിക്കുന്നതില്‍ ഹിന്ദുത്വരുടെ വിമര്‍ശനമുയര്‍ന്നു. ഇതോടെയാണ് പേസ് ബൗളര്‍ മുസ്താഫിസുര്‍ റഹ്‌മാനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് നിര്‍ബന്ധിതരായത്. 'ഞങ്ങള്‍ കളിയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് ബംഗ്ലാദേശ് കളിക്കാരുടെ ആത്മാഭിമാനത്തിനാണ്. കൃത്യമായ കരാറുണ്ടായിട്ടും ഒരു ബംഗ്ലാദേശ് കളിക്കാരന് ഇന്ത്യയില്‍ കളിക്കാനാകുന്നില്ലെങ്കില്‍ ലോകകപ്പില്‍ കളിക്കുന്നതും ഉചിതമാണെന്ന് കരുതുന്നില്ല. ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യാതിരിക്കുന്നതും പരിഗണനയിലുണ്ട്' -ബംഗ്ലാദേശ് സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍ പറഞ്ഞു.

