അണ്ടര്‍ 19 ലോകകപ്പില്‍ ടോസിനിടെ പാക് നായകനെ മൈതാനമധ്യത്തില്‍ അവഗണിച്ച് ആയുഷ് മാത്രെ
ബുലവായോ: അണ്ടര്‍ 19 ലോകകപ്പിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ മൈതാനത്തിന് പുറത്തെ ചര്‍ച്ചയായി ടോസിനിടെ നടന്ന നാടകീയ രംഗങ്ങള്‍. ടോസിനായി മൈതാന മധ്യത്തിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ പാക് നായകന്‍ ഫര്‍ഹാന്‍ യൂസഫിന് ഹസ്തദാനം നല്‍കാന്‍ തയ്യാറായില്ല.
ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് ടീമുകള്‍ കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന ഔദ്യോഗിക നിലപാടിന്റെ ഭാഗമായാണ് ഈ നടപടി. 2025-ല്‍ പഹല്‍ഗാം ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ ടീമും ഏഷ്യാ കപ്പില്‍ പാകിസ്താനുമായി കൈ കൊടുക്കാതെ പിരിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ടീമും ഇന്ത്യ എ ടീമും ഇതേ പാത പിന്തുടര്‍ന്നു. ബിസിസിഐ നിലപാടിനൊപ്പം ജൂനിയര്‍ ടീമും നില്‍ക്കുന്നതിനാലാണ് അണ്ടര്‍ 19 ലോകകപ്പിലും ഇരു ക്യാപ്റ്റന്‍മാരും കൈ കൊടുക്കാതെ നടന്നകന്നത്.
ടോസിനുശേഷമുള്ള പതിവ് ഹസ്തദാനം ഒഴിവാക്കുമെന്ന കാര്യം ഇന്ത്യന്‍ ടീം നേരത്തെ തന്നെ മാച്ച് ഒഫീഷ്യല്‍സിനെ അറിയിച്ചിരുന്നു. നേരത്തെ ഇന്ത്യ-ബംഗ്ലാദേശ് മല്‍സരത്തിനിടെ ഇരു ക്യാപ്റ്റന്‍മാരും കൈ കൊടുക്കാതിരുന്നത് വിവാദമായിരുന്നു.
മല്‍സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ മധ്യനിര പാക് ബൗളിങിന് മുന്നില്‍ പതറിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 252 റണ്‍സെ നേടാനായുള്ളു. നെറ്ററ്റ് റണ്‍ റേറ്റില്‍ ഏറെ പിന്നിലുള്ള പാകിസ്താനെ ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം 33.3 ഓവറില്‍ മറികടന്നാലെ സെമിയിലെത്താനാവു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ക്യാപ്റ്റന്‍ ആയുഷ് മാത്രെ പൂജ്യത്തിന് നഷ്ടമായപ്പോള്‍, വൈഭവ് സൂര്യവന്‍ഷി (30), ആരോണ്‍ ജോര്‍ജ്ജ് (16) എന്നിവര്‍ക്കും വലിയ സ്‌കോറുകള്‍ നേടാനായില്ല. 68 റണ്‍സടിച്ച വേദാന്ത് ത്രിവേദിയും 35 റണ്‍സടിച്ച കനിഷ്‌ക് ചൗഹാനും 29 റണ്‍സെടുത്ത ആര്‍ എസ് അംബ്രീഷുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്താന്‍ 40.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തിട്ടുണ്ട്.
