മദ്യപിച്ച് വാഹനം ഓടിച്ചു: ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ അറസ്റ്റില്‍
സിഡ്നി: മദ്യപിച്ച് വാഹനം ഓടിച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രി സിഡ്നിയിലെ മറൗബ്രയിലാണ് സംഭവം. നിലവില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരം മത്സരങ്ങളുടെ ഇടവേളയില്‍ നാട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റിലാകുന്നത്. ടൂര്‍ണമെന്റില്‍ കറാച്ചി കിങ്സിനെ നയിക്കുന്നതും വാര്‍ണറാണ്.
സാധാരണയായി നടക്കാറുള്ള പോലിസ് പരിശോധനയിലാണ് വാര്‍ണര്‍ കുടുങ്ങിയത്. പോലിസ് പരിശോധന നടത്തുന്ന സ്ഥലത്തിന്റെ സമീപത്തുള്ള മറ്റൊരിടത്ത് വാര്‍ണര്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ അങ്ങോട്ട് ചെന്ന് താരത്തിന്റെ ബ്രത്ത് ടെസ്റ്റ് നടത്തി. നിയമപരമായ പരിധിയില്‍ കൂടുതല്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ താരത്തെ മറൗബ്ര പോലിസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. താരത്തിന് അടുത്തുതന്നെ കോടതിയില്‍ ഹാജരാകേണ്ടതായി വരും.
അതേസമയം പിഎസ്എല്ലിലെ വാര്‍ണറുടെ തുടര്‍ന്നുള്ള കളിയെ ഇത് ബാധിച്ചേക്കില്ല. നിലവില്‍ അത്തരം ആശങ്കകളില്ലെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയിലെ നിയമം അനുസരിച്ച് മദ്യപിച്ച് വാഹനം ഓടിച്ച കുറ്റം ചുമത്തിയാല്‍ ഡ്രൈവര്‍ക്ക് യാത്രാവിലക്കോ പാസ്പോര്‍ട്ട് ഹാജരാക്കേണ്ട സ്ഥിതിയോ ഇല്ല. ജാമ്യ ഉപാധികളിലും അത്തരത്തിലുള്ള പരാമര്‍ശങ്ങളില്ല. അതിനാല്‍ താരത്തിന് പിഎസ്എല്ലില്‍ കളിക്കാനായേക്കും. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.ടൂര്‍ണമെന്റില്‍ ഏപ്രില്‍ 9 നാണ് കറാച്ചി കിങ്സിന്റെ അടുത്ത മത്സരം. അതിന് മുന്‍പ് ടീം ക്യാംപില്‍ ഓസീസ് മുന്‍ താരം ചേര്‍ന്നേക്കും.
