ട്വന്റി-20 ലോകകപ്പ്; ഓസ്‌ട്രേലിയക്ക് രണ്ടാം ജയം; ഫോം വീണ്ടെടുത്ത് വാര്‍ണര്‍

42 പന്തില്‍ 65 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

Update: 2021-10-28 17:48 GMT


ദുബയ്: ട്വന്റി-20 ലോകകപ്പില്‍ രണ്ടാം ജയവുമായി ഓസ്‌ട്രേലിയ. ഇന്ന് നടന്ന മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഏഴ് വിക്കറ്റിന്റെ ജയമാണ് ഓസിസ് നേടിയത്. ഐപിഎല്ലില്‍ നിരാശാജനകമായ പ്രകടനം തുടര്‍ന്ന വാര്‍ണര്‍ ഇന്ന്   ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായക ഇന്നിങ്‌സ് പടുത്തുയര്‍ത്തി. 42 പന്തില്‍ 65 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 154 റണ്‍സ് ലക്ഷ്യം 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ പിന്നിട്ടത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 37 റണ്‍സെടുത്തു. സ്മിത്ത് (28*), സ്റ്റോണിസ് (16*) എന്നിവരാണ് ടീമിന്റെ അവസാന ഓവറുകളില്‍ ബാറ്റേന്തിയത്.


ടോസ് ലഭിച്ച ഓസിസ് ലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക 154 റണ്‍സ് നേടിയത്. കുശാല്‍ പെരേര, അസലങ്ക എന്നിവര്‍ 35ഉം രാജപക്‌സെ 33 ഉം റണ്‍സ് നേടി.ജയത്തോടെ ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ടിന് താഴെ ഓസിസ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ലങ്ക നാലാമതാണ്. ഗ്രൂപ്പില്‍ നാളെ നടക്കുന്ന മല്‍സരത്തില്‍ ബംഗ്ലാദേശ് വെസ്റ്റ്ഇന്‍ഡീസിനെ നേരിടും.




Tags:    

Similar News