വിരമിക്കല്‍ പ്രഖ്യാപനവുമായി ഓസീസ് ക്യാപ്റ്റന്‍ അലിസ്സ ഹീലി

Update: 2026-01-13 06:41 GMT

സിഡ്നി: വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അലിസ്സ ഹീലി. നാട്ടില്‍ ഇന്ത്യന്‍ വനിതാ ടീമിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുകയാണെന്ന് ഹീലി അറിയിച്ചു. 16 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കാനാണ് ഹീലി ഒരുങ്ങുന്നത്. ചൊവ്വാഴ്ച വില്ലോ ടോക്ക് പോഡ്കാസ്റ്റില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. വര്‍ഷങ്ങളായി കളിക്കുന്ന തന്റെ മല്‍സരശേഷി പതുക്കെ മങ്ങുന്നത് അനുഭവപ്പെട്ടതിനാല്‍, വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഹീലി സമ്മതിക്കുകയായിരുന്നു.

ഓസീസിനായി 10 ടെസ്റ്റും 123 ഏകദിനങ്ങളും 162 ടി20 മല്‍സരങ്ങളും കളിച്ച താരമാണ് ഹീലി. ഏകദിനത്തില്‍ 3,563 റണ്‍സും ടി20-യില്‍ 3,054 റണ്‍സും ടെസ്റ്റില്‍ 489 റണ്‍സും നേടിയിട്ടുണ്ട്. 2010-ലായിരുന്നു അരങ്ങേറ്റം. കരിയറില്‍ ഭൂരിഭാഗവും മെഗ് ലാനിങ്ങിന്റെ കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്നു ഹീലി. 2023-ല്‍ മുഴുവന്‍ സമയ ക്യാപ്റ്റനായി ചുമതലയേറ്റു.

കരിയറില്‍ ഓസീസ് ടീമിനൊപ്പം എട്ട് ഐസിസി ലോകകപ്പുകള്‍ നേടിയിട്ടുണ്ട്. ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും (2022ല്‍ ഇംഗ്ലണ്ടിനെതിരെ 170) വനിതാ ടി20 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും കൂടുതല്‍ പുറത്താക്കലുകളും ഹീലിയുടെ പേരിലാണ്. രണ്ടുതവണ ഐസിസി വനിതാ ടി20 ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.

മാര്‍ച്ച് ആറു മുതല്‍ ഒമ്പതു വരെ പെര്‍ത്തില്‍ ഇന്ത്യയ്ക്കെതിരായ ടെസ്റ്റായിരിക്കും ഹീലിയുടെ വിരമിക്കല്‍ മല്‍സരം. അടുത്തിടെ വനിതാ പ്രീമിയര്‍ ലീഗ് 2026 ലേലത്തില്‍ ഹീലിയെ ആരും ടീമിലെടുത്തിരുന്നില്ല.മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലിയുടെ അനന്തരവളായ അലിസ്സ ഹീലി, ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഭാര്യയുമാണ്.





Tags: