മുംബൈ: 2025 ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് സെപ്തംബറില്‍ ആരംഭിക്കുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി). സെപ്തംബര്‍ 9 മുതല്‍ 28 വരെ യുഎഇയിലായിരിക്കും മല്‍സരങ്ങള്‍ നടക്കുകയെന്ന് എസിസി പ്രസിഡന്റ് മൊഹ്സിന്‍ നഖ്വി അറിയിച്ചു. വിശദമായ ഷെഡ്യൂള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'യുഎഇയില്‍ നടക്കാനിരിക്കുന്ന എസിസി പുരുഷ ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് തിയ്യതികള്‍ സ്ഥിരീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. സെപ്തംബര്‍ 9 മുതല്‍ 28 വരെയാകും മല്‍സരങ്ങള്‍ നടക്കുക. ക്രിക്കറ്റിന്റെ ഒരു മികച്ച പ്രകടനം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വിശദമായ ഷെഡ്യൂള്‍ ഉടന്‍ പുറത്തിറങ്ങും,' പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് കൂടിയായ നഖ്വി എക്സില്‍ പോസ്റ്റില്‍ കുറിച്ചു.
2023 ലെ ഏഷ്യാ കപ്പ് കിരീടം ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയായിരുന്നു സ്വന്തമാക്കിയത്. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യുഎഇ, ഒമാന്‍, ഹോങ്കോങ് എന്നിവയാണ് ഏഷ്യാ കപ്പില്‍ പോരിനിറങ്ങുന്ന രാജ്യങ്ങള്‍. 19 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ആകെ ഉണ്ടാവുക.
നാല് ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍. രണ്ടു ഗ്രൂപ്പിലും ടോപ്പില്‍ വരുന്ന രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് വരും. രണ്ടാം റൗണ്ടില്‍ എല്ലാ ടീമും ഒരു തവണ ഏറ്റുമുട്ടും. ഇതില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്ന ടീമുകള്‍ ഫൈനല്‍ കളിക്കും.
