ഏഷ്യാകപ്പ് ; കിരീടം എസിസി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിവച്ച നിലയില്‍; ഇന്ത്യക്ക് കൈമാറരുതെന്ന് നഖ് വിയുടെ കര്‍ശന നിര്‍ദേശം

Update: 2025-10-10 14:52 GMT

ദുബായ്; ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന് കിരീടം നല്‍കാത്തത് സംബന്ധിച്ച വിവാദം പുകയുന്നു. ഇതുവരെ ഇന്ത്യന്‍ ടീമിന് കിരീടം നല്‍കാന്‍ സംഘാടകര്‍ തയ്യാറായിട്ടില്ല. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് കിരീടമുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ട്രോഫി അവിടെനിന്ന് മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന കര്‍ശനനിര്‍ദേശം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

താന്‍ നേരിട്ടെത്തി മാത്രമേ ഇന്ത്യന്‍ ടീമിനോ ബിസിസിഐക്കോ ട്രോഫി കൈമാറുകയുള്ളൂ എന്നാണ് നഖ്വി നിര്‍ദേശിച്ചിരിക്കുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഫൈനലില്‍ പാകിസ്താനെ വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയതിന് ശേഷമാണ് വിവാദസംഭവങ്ങള്‍ അരങ്ങേറുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചിരുന്നു. പാകിസ്താനുമായുള്ള ബന്ധം മോശമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പകരം എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ട്രോഫി കൈമാറണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍, നഖ്വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യന്‍ ടീം തന്റെ കൈയില്‍നിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ ടീം പോഡിയത്തില്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ എസിസി ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഗ്രൗണ്ടില്‍നിന്ന് ട്രോഫി എടുത്തുമാറ്റുന്ന അസാധാരണമായ രംഗങ്ങളാണ് പിന്നീട് കണ്ടത്. കപ്പും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ് വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീം പ്രതീകാത്മകമായാണ് വിജയാഘോഷം നടത്തിയത്.