ഏഷ്യാ കപ്പ് ; സൂപ്പര്‍ ഫോറില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടം, വീണ്ടും ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍

Update: 2025-09-21 05:10 GMT

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഭീമന്‍ പോരാട്ടം. ചിരവൈരികളായ ഇന്ത്യയും പാകിസ്താനുമാണ് നേര്‍ക്ക് നേര്‍ വരുന്നത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മല്‍സരം തുടങ്ങുക. സോണി സ്പോര്‍ട്സ് ടെന്‍ 1, സോണി സ്പോര്‍ട്സ് ടെന്‍ 5 എന്നീ ചാനലുകളില്‍ മത്സരം തല്‍സമയം കാണാം. ഹസ്തദാന വിവാദത്തിന്റെ ചൂടാറുന്നതിന് മുമ്പാണ് മറ്റൊരു ഇന്ത്യ - പാക് പോരാട്ടം കൂടി നേര്‍ക്കുനേര്‍ വരുന്നത്. പാകിസ്താന് ആവട്ടെ ആദ്യ കളിയിലെ ഏഴ് വിക്കറ്റ് തോല്‍വിയുടെ മുറിവുണങ്ങിയിട്ടില്ല. ഐസിസിയില്‍ നിന്നേറ്റ പ്രഹരത്തിന്റെ നാണക്കേടും മാറിയിട്ടില്ല. മാച്ച് റഫറിയായി ഏഷ്യാ കപ്പില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട അതേ ആന്‍ഡി പൈക്രോഫ്റ്റിനെ തന്നെയാാണ് ഇന്നും മാച്ച് റഫറിയായി നിയോഗിച്ചിട്ടുള്ളത്.

കളിയുടെ ഗതിയും വിധിയും നിശ്ചയിക്കുക സ്പിന്നര്‍മാരുടെ മികവായിരിക്കും. അക്സര്‍ പട്ടേല്‍ പരിക്കില്‍ നിന്ന് മുക്തനായില്ലെങ്കില്‍ ഹര്‍ഷിത് റാണയ്ക്കോ അര്‍ഷദീപ് സിംഗിനോ അവസരം കിട്ടും. ജസ്പ്രിത് ബുമ്രയും വരുണ്‍ ചക്രവര്‍ത്തിയും തിരിച്ചെത്തും. ബാറ്റിംഗ് നിരയില്‍ ആശങ്കയില്ല, പരീക്ഷണവും ഉണ്ടാവില്ല. വ്യക്തിഗത മികവുണ്ടെങ്കിലും ഇന്ത്യക്ക് മുന്നില്‍ കളിമറക്കുന്നതാണ് പാകിസ്താന്റെ വെല്ലുവിളി.

സ്പിന്നിനെ തുണയ്ക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ മൂന്ന് സൂപ്പര്‍ മല്‍സരങ്ങളും നടക്കുന്നത്. 24ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. 26ന് അവസാന മല്‍സരത്തില്‍ ശ്രീലങ്കയേയും ഇന്ത്യ നേരിടും. സൂപ്പര്‍ ഫോറില്‍ അല്‍പം കൂടി കരുത്തരാണ് എതിരാളികള്‍.





Tags: