ആഷസ്; ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് ജയം

359 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലീഷ് പട ഒരുവിക്കറ്റ് നഷ്ടത്തില്‍ ജയം എത്തിപ്പിടിക്കുകയായിരുന്നു.

Update: 2019-08-25 16:54 GMT

ലീഡ്‌സ്: ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം. ഒരു വിക്കറ്റിന്റെ ജയമാണ് മൂന്നാം മല്‍സരത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 359 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലീഷ് പട ഒരുവിക്കറ്റ് നഷ്ടത്തില്‍ ജയം എത്തിപ്പിടിക്കുകയായിരുന്നു. പുറത്താവാതെ 135 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്കസിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിക്കൊടുത്തത്. ജോ റൂട്ട് (77), ഡെന്‍ലി (50) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു.

ജയം സന്ദര്‍ശകര്‍ക്കര്‍ക്ക് അനുകൂലമാവുമെന്ന് കരുതിയ മല്‍സരത്തെ സ്‌റ്റോക്ക്‌സ് ആണ് തിരിച്ചുപിടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 67 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടാണ് രണ്ടാം ഇന്നിങ്‌സില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. ഓസിസിന് വേണ്ടി ഹേസല്‍വുഡ് നാലും ലിയോണ്‍ രണ്ടും വിക്കറ്റ് നേടി. സ്‌കോര്‍: ഇംഗ്ലണ്ട് 67, 362-9. ഓസ്‌ട്രേലിയ 179, 246. അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പര ഇതോടെ 1-1 സമനിലയിലായി. മൂന്ന് മല്‍സരത്തില്‍ ഇരുടീമും ഓരോ ജയം കരസ്ഥമാക്കി. ഒരു മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു. 

Tags: