സ്മൃതിയുടെ കിരീടനേട്ടം തിരുപ്പതി ബാലാജിയുടെ അനുഗ്രഹമെന്ന പോസ്റ്റിനെതിരേ നടന്‍ പ്രകാശ് രാജ്; 'അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസ്സിനേ ഇത്തരത്തില്‍ ചിന്തിക്കാന്‍ കഴിയൂ...
മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ രണ്ടാം കിരീടം ചൂടിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നടന്ന വിവാദ പോസ്റ്റിനെതിരെ നടന്‍ പ്രകാശ് രാജ്. ആര്‍.സി.ബി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ വിജയം മതവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു എക്‌സ് പോസ്റ്റിനെയാണ് 'അറപ്പുളവാക്കുന്നത്' എന്ന് പ്രകാശ് രാജ് വിശേഷിപ്പിച്ചത്.
ഡല്‍ഹി ക്യാപിറ്റല്‍സ് നായിക ജെമീമ റോഡ്രിഗസിനെയും സ്മൃതി മന്ദാനയെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു വിവാദ പോസ്റ്റ് വന്നത്. ജെമീമ റോഡ്രിഗസിനെ യേശു സഹായിച്ചില്ല, എന്നാല്‍ സ്മൃതി മന്ദാനയ്ക്ക് തിരുപ്പതി ബാലാജി അനുഗ്രഹം നല്‍കി. വനിതാ ഐപിഎല്‍ കിരീടം നേടിയ ആര്‍.സി.ബിക്ക് അഭിനന്ദനങ്ങള്‍' എന്നായിരുന്നു പോസ്റ്റിലെ വാചകങ്ങള്‍. ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജ് രൂക്ഷമായി പ്രതികരിച്ചത്. 'അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസ്സിനേ ഇത്തരത്തില്‍ ചിന്തിക്കാന്‍ കഴിയൂ... നമ്മള്‍ എവിടെയാണ് എത്തിയിരിക്കുന്നത് എന്നും പ്രകാശ് രാജ് ചോദിച്ചു.
വഡോദരയില്‍ നടന്ന ആവേശകരമായ വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 203 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം ആറ് വിക്കറ്റ് ബാക്കി നില്‍ക്കെ ആര്‍.സി.ബി മറികടന്നിരുന്നു. 41 പന്തില്‍ 87 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് ആര്‍സിബിയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക സംഭാവന നല്‍കിയത്. കടുത്ത പനി അവണിച്ചാണ് സ്മൃതി ഗ്രൗണ്ടിലിറങ്ങി ടീമിന്റെ വിജയശില്‍പിയായതെന്ന് പിന്നീട് കോച്ച് വെളിപ്പെടുത്തിയിരുന്നു.