അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട് ഇന്നിങ്‌സ്; ഡല്‍ഹിക്കെതിരേ സണ്‍റൈസേഴ്‌സിന് 47 റണ്‍സ് ജയം

Update: 2026-04-21 18:13 GMT

ഹൈദരാബാദ്: ഐപിഎല്ലില്‍ റെക്കോഡുകള്‍ പിറന്ന മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 47 റണ്‍സ് ജയം. അഭിഷേക് ശര്‍മ്മയുടെ അപരാജിത സെഞ്ചുറി (132) മികവില്‍ പിറന്ന 243 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 195 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 242 റണ്‍സെടുത്തത്. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുക്കാനെ ഡല്‍ഹിക്കായുള്ളൂ. ഡല്‍ഹിക്കായി നിതേഷ് റാണ (57), സമീര്‍ റിസ്വവി (41), കെ എല്‍ രാഹുല്‍ (37) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെങ്കിലും പിന്നീട് വന്നവര്‍ക്ക് ഫോം കണ്ടെത്താനായില്ല. സറ്റബ്‌സ് 27 റണ്‍സെടുത്തു. ഇഷാന്‍ മലിങ്ക സണ്‍റൈസേഴ്‌സിനായി നാല് വിക്കറ്റ് നേടി.

നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി അഭിഷേക് ശര്‍മ്മ 68 പന്തിലാണ് 135 റണ്‍സെടുത്തത്. ട്രാവിസ് ഹെഡ് 37ഉം ഇഷാന്‍ കിഷന്‍ 25ഉം ക്ലാസന്‍ 37 ഉം റണ്‍സെടുത്തു. ട്വന്റി-20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ചുറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയെത്തി. കൂടാതെ സെഞ്ചുറി നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മറികടക്കുകയും ചെയ്തു. കുട്ടിക്രിക്കറ്റില്‍ എട്ട് സെഞ്ചുറിയാണ് രോഹിതിന്റെ പേരിലുള്ളത്.

അന്‍പത് പന്തില്‍ താഴെ രണ്ട് ഐപിഎല്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി. മല്‍സരത്തില്‍ 135 റണ്‍സുമായി അഭിഷേക് പുറത്താകാതെ നിന്നു. 10 സിക്സറുകളും 10 ഫോറുകളും ഉള്‍പ്പെട്ടതായിരുന്നു ആ ഇന്നിങ്സ്. വെറും 47 പന്തില്‍ നിന്നാണ് അദ്ദേഹം സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 40 പന്തില്‍ നിന്ന് അഭിഷേക് സെഞ്ചുറി നേടിയിരുന്നു. ഇന്നത്തെ മല്‍സരത്തില്‍ ഇന്നിങ്‌സിന്റെ 15-ാം ഓവറിലെ രണ്ടാം പന്തില്‍ നിതീഷ് റാണയെ സിക്‌സറിന് പറത്തിയാണ് അദ്ദേഹം 100 റണ്‍സ് തികച്ചത്. ഇത് രണ്ടാം തവണയാണ് അഭിഷേക് ഒരു ഇന്നിങ്സില്‍ പത്ത് സിക്സറുകള്‍ പറത്തുന്നത്.



Tags: