കൊല്‍ക്കത്ത: മുന്‍ ഐപിഎല്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ പുതിയ പരിശീലകനായി മുന്‍ ഇന്ത്യന്‍ സഹ പരിശീലകന്‍ അഭിഷേക് നായര്‍ ചുമതലയേല്‍ക്കുമെന്നു റിപ്പോര്‍ട്ട്. നേരത്തെ കെകെആറില്‍ അസിസ്റ്റന്റ് കോച്ചായും ടാലന്റ് സ്‌കൗട്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിങ്കു സിങ്, ഹര്‍ഷിത റാണ അടക്കമുള്ള താരങ്ങളെ കണ്ടെത്തിയ ടീമിലെത്തിക്കുന്നതില്‍ അഭിഷേക് നിര്‍ണായക പങ്കാണ് വഹിച്ചത്.
പല താരങ്ങളേയും ഫോമിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയതിന്റെ റെക്കോര്‍ഡും അഭിഷേകിനുണ്ട്. നേരത്തെ രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക് അടക്കമുള്ള താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരിചയമുണ്ട്. നിരവധി യുവ താരങ്ങള്‍ക്കും വഴികാട്ടിയായി.
ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ പകരക്കാരനായാണ് അഭിഷേക് നായര്‍ കെകെആറില്‍ തിരിച്ചെത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീര്‍ വന്നപ്പോള്‍ തുടക്കത്തില്‍ അസിസ്റ്റന്റ് കോച്ച് റോള്‍ അഭിഷേകിനായിരുന്നു. അതിനാല്‍ കഴിഞ്ഞ സീസണില്‍ അദ്ദേഹം കെകെആറിനൊപ്പമുണ്ടായിരുന്നില്ല.
ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ടീമുകള്‍ക്കെതിരായ പരമ്പരയില്‍ മോശം പ്രകടനം വന്നതോടെ അഭിഷേകിനെ ഇന്ത്യന്‍ ടീം സഹ പരിശീലക സ്ഥാനത്തു നിന്നു ഒഴിവാക്കിയിരുന്നു. പിന്നാലെ അഭിഷേക് വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്സ് മുഖ്യ പരിശീലകനായി ചുമതലയേറ്റു. എന്നാല്‍ കാര്യമായ ചലനം യുപി ടീമിലുണ്ടാക്കാന്‍ അഭിഷേക് നായര്‍ക്കു സാധിച്ചിരുന്നില്ല.
ഈ സ്ഥാനവും ഒഴിഞ്ഞ ശേഷം അദ്ദേഹം രോഹിത്, കെഎല്‍ രാഹുല്‍ അടക്കമുള്ള താരങ്ങളുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു. സമീപ കാലത്ത് മൂന്ന് ഫോര്‍മാറ്റിലും കെഎല്‍ രാഹുല്‍ സ്ഥിരത പുലര്‍ത്തുന്നതിനു പിന്നില്‍ അഭിഷേകുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്. രോഹിതിന്റെ തിരിച്ചു വരവിലും അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമാണ്.
