ആദ്യ ഇന്നിങ്‌സിലെ ഒരു റണ്‍ തുണ; രഞ്ജിയില്‍ ആറ് വര്‍ഷത്തിന് ശേഷം സെമിയില്‍ കടന്ന് കേരളം; മിന്നിച്ച് സല്‍മാനും അസ്ഹറുദ്ദീനും

Update: 2025-02-12 13:59 GMT

പൂനെ: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി ട്രോഫി സെമിയില്‍ പ്രവേശിച്ച് കേരളം.ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെ സമനിലയില്‍ തളച്ചാണ് കേരളത്തിന്റെ നേട്ടം. 399 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരള താരങ്ങള്‍ തീര്‍ത്ത പ്രതിരോധമാണ് സെമി പ്രവേശനത്തിന് കരുത്തായത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ കേരളം 295 റണ്‍സ് നേടി. സ്‌കോര്‍: ജമ്മു കശ്മീര്‍ - 280 & 399/9 ഡിക്ലയേര്‍ഡ്, കേരളം 281 & 295/6.

ഒന്നാം ഇന്നിങ്സില്‍ നേടിയ ഒറ്റ റണ്‍ ലീഡിന്റെ ബലമാണ് കേരളത്തിന് തുണയായത്. ഒന്‍പതിന് 200 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്സില്‍ തകര്‍ന്ന കേരളത്തിന്, പത്താം വിക്കറ്റില്‍ സല്‍മാന്‍ നിസാര്‍ - ബേസില്‍ തമ്പി സഖ്യം പടുത്തുയര്‍ത്തിയ 81 റണ്‍സ് കൂട്ടുകെട്ടാണ് സെമിയിലേക്ക് വഴി കാട്ടിയത്. സല്‍മാന്‍ നിസാര്‍ രണ്ടാം ഇന്നിങ്സിലും ഉറച്ച പ്രതിരോധവുമായി കേരളത്തിന്റെ രക്ഷകനായി.സച്ചിന്‍ ബേബി (48), ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ (48), സല്‍മാന്‍ നിസാര്‍ (പുറത്താകാതെ 44), മുഹമ്മദ് അസ്ഹറുദ്ദീന്‍ (പുറത്താകാതെ 67) എന്നിവര്‍ കേരളത്തിന്റെ വന്‍മതിലുകളായി.

ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (36), ഷോണ്‍ റോജര്‍ (ആറ്), ജലജ് സക്സേന (18), ആദിത്യ സര്‍വാതെ (എട്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മൂന്നാം വിക്കറ്റില്‍ സച്ചിന്‍ ബേബി അക്ഷയ് ചന്ദ്രന്‍ സഖ്യവും, ഏഴാം വിക്കറ്റില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ - സല്‍മാന്‍ നിസാര്‍ സഖ്യവും കേരളത്തിനായി ഉരുക്കുകോട്ട തീര്‍ത്തു. രണ്ടാം ഇന്നിങ്സില്‍ കശ്മീര്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.





Tags: