500 സിക്‌സറടിച്ച ഗെയ്ല്‍ 10,000 ക്ലബ്ബിലും

ഇംഗ്ലണ്ട് ഉയര്‍ത്തിയ 416 റണ്‍സിന് മറുപടിയായി വിന്‍ഡീസ് നിരയില്‍ നെടുംതൂണായി നിന്നത് 162 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലായിരുന്നു

Update: 2019-02-28 12:57 GMT
ഗ്രനേഡ: ഇംഗ്ലണ്ടിനെതിരായ വെസ്റ്റിന്‍ഡീസിന്റെ നാലാം ഏകദിന മല്‍സരം നിരവധി റെക്കോഡുകളാണ് തകര്‍ത്തെറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച താരമെന്ന റെക്കോഡ് വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന് സ്വന്തമായി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 416 റണ്‍സിന് മറുപടിയായി വിന്‍ഡീസ് നിരയില്‍ നെടുംതൂണായി നിന്നത് 162 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലായിരുന്നു. 97 പന്തില്‍ 14 സിക്‌സറും 11 ഫോറുമാണ് ഗെയ്ല്‍ ഗ്രനേഡാ സ്‌റ്റേഡിയത്തില്‍ അടിച്ചുകൂട്ടിയത്. ഗെയ്‌ലിന്റെ 500 സിക്‌സില്‍ 300 എണ്ണം ഏകദിനത്തിലണ്. ഏകദിനത്തില്‍ 10,000 റണ്‍സ് ക്ലബ്ബിലെത്താനും താരത്തിനായി. ഏകദിനത്തില്‍ 25 സെഞ്ച്വറിയെന്ന റെക്കോഡ് ഗെയ്ല്‍ നേരത്തേ സ്വന്തമാക്കിയിരുന്നു. പരിക്കിന്റെ പിടിയിലായിരുന്ന ഗെയ്ല്‍ അടുത്തിടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ലോകകപ്പോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നും ഗെയ്ല്‍ അറിയിച്ചിരുന്നു.

    എന്നാല്‍, ഗെയ്‌ലിന്റെ ഒറ്റയാള്‍ പോരാട്ടത്തിനും വിന്‍ഡീസിനെ രക്ഷിക്കാനായില്ല. ആദ്യ ഏകദിനം കൈവിട്ടത് പോലെ മല്‍സരത്തിന്റെ അവസാന ഓവറില്‍ ടീം തോല്‍വി അടിയറവച്ചു. മല്‍സരത്തില്‍ ഇംഗ്ലണ്ട് 29 റണ്‍സിനാണ് ജയിച്ചു. വിന്‍ഡീസ് നിര പൊരുതിയെങ്കിലും 48 ഓവറില്‍ 389 റണ്‍സിന് ടീം പുറത്തായി. . ബ്രാവോ(61), ബ്രേത്ത് വയ്റ്റ്(50) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഇംഗ്ലണ്ടിന് വേണ്ടി റാഷിദ് അഞ്ചു വിക്കറ്റും വൂഡ് നാല് വിക്കറ്റും നേടി. നേരത്തേ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയില്‍ ബട്‌ലര്‍ 77 പന്തില്‍ നിന്ന് 150 റണ്‍സെടുത്തു. 12 സിക്‌സറും 13 ഫോറുമടങ്ങുന്നതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. നാലു മല്‍സരങ്ങളങ്ങുന്ന പരമ്പരയില്‍ 21ന് ഇംഗ്ലണ്ട് മുന്നിട്ടുനില്‍ക്കുന്നു. അവസാന മല്‍സരം ശനിയാഴ്ചയാണ്. ഒരു മല്‍സരം മഴമൂലം മാറ്റിവച്ചിരുന്നു.




Tags: