2026 ട്വന്റി-20 ലോകകപ്പ്: ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ സഞ്ജു സാംസണും

Update: 2026-03-09 16:14 GMT

മുംബൈ: 2026 ട്വന്റി-20 ലോകകപ്പിലെ ടീം ഓഫ് ദ ടൂര്‍ണമെന്റിനെ പ്രഖ്യാപിച്ച് ഐസിസി. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ താരങ്ങള്‍ ടീമിലുണ്ട്. സഞ്ജുവിനെ വിക്കറ്റ് കീപ്പറായും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിനെ നായകനായുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

മുന്‍ താരങ്ങളും ഐസിസി പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന സെലക്ഷന്‍ പാനലാണ് ടീമിനെ തിരഞ്ഞെടുത്തത്. സഞ്ജുവിന് പുറമേ ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ താരങ്ങള്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 321 റണ്‍സെടുത്ത സഞ്ജു ഇന്ത്യയുടെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. മാത്രമല്ല, ലോകകപ്പിലെ താരവും സഞ്ജുവായിരുന്നു. ബാറ്റിങ്ങില്‍ സഞ്ജുവിനൊപ്പം തിളങ്ങിയ ഇഷാന്‍ കിഷനും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഹാര്‍ദിക്കും ടീമിലിടംപിടിച്ചു. ലോകകപ്പ് ഫൈനലിലെ താരമായ പേസര്‍ ബുംറയും തിരഞ്ഞെടുക്കപ്പെട്ടു.

പാക് താരം സഹിബ്സാദ ഫര്‍ഹാന്‍, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വില്‍ ജാക്സ്, വിന്‍ഡീസ് ബൗളര്‍ ജേസണ്‍ ഹേള്‍ഡര്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഡിഡി, ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റാഷിദ്, സിംബാബ്വേ പേസര്‍ ബ്ലെസ്സിങ് മുസറാബാനി എന്നിവരാണ് ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ തിരഞ്ഞെടുക്കപ്പെട്ട മറ്റ് താരങ്ങള്‍. 12-ാമനായി യുഎസ്എ ബൗളര്‍ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്കും ഉള്‍പ്പെട്ടിട്ടുണ്ട്. വെറും നാല് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റെടുത്ത് തിളങ്ങിയ താരമാണ് ഷാഡ്ലി.




Tags: