ഐപിഎല്‍ താര ലേല പട്ടികയില്‍ 11 മലയാളി താരങ്ങള്‍

Update: 2025-12-10 05:55 GMT

കോഴിക്കോട്: ഐപിഎല്‍ ക്രിക്കറ്റ് ലേലത്തിന്റെ 350 പേരുള്ള ചുരുക്കപ്പട്ടിക പുറത്തുവന്നപ്പോള്‍ ഇടംപിടിച്ച് 11 മലയാളി താരങ്ങള്‍. സയ്യിദ് മുഷ്താഖ് ക്രിക്കറ്റില്‍ തിളങ്ങിയ പേസര്‍ കെ എം ആസിഫാണ് കൂടുതല്‍ അടിസ്ഥാനവിലയുള്ള താരം. കഴിഞ്ഞസീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നൈറ്റ് ബൗളറായിരുന്ന ജിക്കു ബ്രൈറ്റും പട്ടികയിലുണ്ട്. എന്നാല്‍, ആഭ്യന്തരക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ പേസര്‍ എം ഡി നിധീഷ്, കേരള ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എന്നിവര്‍ക്ക് ഇടംകിട്ടിയില്ല. കേരള താരങ്ങളായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലും വിഷ്ണു വിനോദ് പഞ്ചാബ് കിങ്സിലുമുണ്ട്.

ലേലത്തില്‍ രണ്ടുകോടി അടിസ്ഥാനവിലയുള്ള 40 താരങ്ങളാണുള്ളത്. ഇന്ത്യന്‍ താരങ്ങളായ വെങ്കിടേഷ് അയ്യര്‍, രവി ബിഷ്ണോയ്, ഓസ്ട്രേലിയന്‍ താരങ്ങളായ ജാക്ക് ഫ്രെസര്‍ മക്ഗുര്‍ക്ക്, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റ്, ശ്രീലങ്കന്‍ താരം വനിന്ദു ഹസരംഗ എന്നിവര്‍ ഈ പട്ടികയിലുണ്ട്.

മലപ്പുറം സ്വദേശിയായ പേസര്‍ കെ എം ആസിഫ് സയ്യിദ് മുഷ്താഖ് ക്രിക്കറ്റില്‍ 15 വിക്കറ്റുമായി തിളങ്ങിയിരുന്നു. 40 ലക്ഷം രൂപയാണ് അടിസ്ഥാനവില. ചെന്നൈ സൂപ്പര്‍കിങ്സിന്റെ മുന്‍താരമാണ്. ബാക്കി 10 താരങ്ങള്‍ 30 ലക്ഷം രൂപ അടിസ്ഥാനവിലയുള്ള പട്ടികയിലാണ്. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍, മധ്യനിരബാറ്റര്‍മാരായ സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, പേസര്‍ ഏദന്‍ ആപ്പിള്‍ ടോം, ചൈനാമെന്‍ ബൗളര്‍ വിഘ്നേഷ് പുത്തൂര്‍, ഇടംകൈയന്‍ സ്പിന്നര്‍ ശ്രീഹരി നായര്‍, ഓള്‍റൗണ്ടര്‍മാരായ അബ്ദുള്‍ ബാസിത്, അഖില്‍ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീന്‍ എന്നിവരും പട്ടികയിലുണ്ട്.

തിരുവനന്തപുരത്തുകാരന്‍ ഓഫ് സ്പിന്നര്‍ ജിക്കു ബ്രൈറ്റ് അപ്രതീക്ഷിതമായാണ് പട്ടികയിലേക്കെത്തുന്നത്. ഇതുവരെ കേരളത്തിന്റെ സീനിയര്‍ ടീമില്‍ ഇടംപിടിക്കാത്ത താരമാണ്. കഴിഞ്ഞസീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളറായിരുന്നു.




Tags: