സംസ്ഥാന സ്‌കൂള്‍ കായികമേള; മലപ്പുറം വീണ്ടും അത്ലറ്റിക്സ് ചാംപ്യന്മാര്‍, ഓവറോള്‍ കിരീടം അനന്തപുരിക്ക്

Update: 2025-10-28 14:23 GMT

തിരുവനന്തപുരം: പുത്തന്‍ റെക്കോര്‍ഡുകള്‍ക്കും പ്രതീക്ഷകള്‍ക്കും വഴിവെച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മലപ്പുറം വീണ്ടും അത്ലറ്റിക്സ് ചാംപ്യന്മാര്‍. പാലക്കാടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയിച്ചാണ് അത്ലറ്റിക്സ് കിരീടം തുടര്‍ച്ചയായി രണ്ടാം തവണയും മലപ്പുറം ഉയര്‍ത്തിയത്. സീനിയര്‍ റിലേ മത്സരത്തിന് മുന്‍പ് പാലക്കാടിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ അത്ലറ്റിക്സിലെ അവസാന പോരാട്ടമായ സീനിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും റിലേയില്‍ പാലക്കാടിനെ പരാജയപ്പെടുത്തി സ്വര്‍ണം കരസ്ഥമാക്കിയാണ് മലപ്പുറം അത്ലറ്റിക്സില്‍ ആധിപത്യം ഉറപ്പിച്ചത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് മലപ്പുറം ചാംപ്യന്‍മാരായിരിക്കുന്നത്. അടുത്ത വര്‍ഷം സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കണ്ണൂരാണ് ആതിഥേയത്വം വഹിക്കുക.

അവസാന ദിവസമായ ഇന്ന് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് 20 പോയിന്റിന്റെ ലീഡ് മലപ്പുറത്തിന് ഉണ്ടായിരുന്നു. എന്നാല്‍ 400 മീറ്ററില്‍ പാലക്കാടിന്റെ കുതിപ്പിനാണ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. അതിന് ശേഷം നടന്ന സബ് ജൂനിയര്‍ വിഭാഗം റിലേയിലും പാലക്കാട് സ്വര്‍ണം നേടുന്ന സാഹചര്യം ഉണ്ടായി. ഇതോടെ പോയിന്റ് പട്ടികയില്‍ പാലക്കാട് മുന്നില്‍ വന്നു. എന്നാല്‍ അവസാനം നടന്ന സീനിയര്‍ റിലേ മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചാണ് മലപ്പുറം കിരീടം സ്വന്തമാക്കിയത്.

എന്നാല്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം തിരുവനന്തപുരത്തിനാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ മറ്റു ജില്ലകളെ നിഷ്പ്രഭമാക്കി വലിയ കുതിപ്പ് കാഴ്ചവെച്ച് തിരുവനന്തപുരം കനകകിരീടം ഉറപ്പിച്ചിരുന്നു. സ്‌കൂള്‍ തലത്തില്‍ മലപ്പുറത്തുള്ള ഐഡിയല്‍ കടകശ്ശേരിയാണ് ഒന്നാമത് എത്തിയത്.