കോഴിക്കോട്: ഒളിംപ്യന്‍ ജിന്‍സന്‍ ജോണ്‍സന്‍ കായിക മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് ഒന്നര പതിറ്റാണ്ടോളം നീണ്ട കരിയര്‍ അവസാനിപ്പിക്കുന്നതായി താരം അറിയിച്ചത്. മത്സരങ്ങളില്‍ നിന്ന് മാറിയാലും അത്ലറ്റിക്‌സ് രംഗത്ത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ മധ്യദൂര ഓട്ടത്തിലെ സുവര്‍ണ അധ്യായത്തിനാണ് ജിന്‍സന്‍ ജോണ്‍സന്റെ വിരമിക്കലിലൂടെ തിരശ്ശീല വീഴുന്നത്. 2018ല്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ പ്രകടനമാണ് കരിയറിലെ ഏറ്റവും തിളക്കമാര്‍ന്ന ഏട്. 800 മീറ്ററില്‍ സഹതാരമായ മന്‍ജിത് സിങിന് പിന്നില്‍ രണ്ടാമതായി വെള്ളി മെഡല്‍ നേടിയ ജിന്‍സന്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടി ആ കുറവ് പരിഹരിച്ചിരുന്നു. 1962ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം 1500 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം സ്വന്തമാക്കുന്നത്. 2023ലെ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ വെങ്കല മെഡലും നേടിയിരുന്നു.
1500 മീറ്റര്‍ ഓട്ടത്തില്‍ നിലവിലെ ദേശീയ റെക്കോര്‍ഡ് ജിന്‍സന്റെ പേരിലാണ്. 2019ല്‍ ബെര്‍ലിനില്‍ വച്ചാണ് 3:35.24 സമയം കുറിച്ച് ഈ റെക്കോര്‍ഡിട്ടത്. വര്‍ഷങ്ങള്‍ക്കുശേഷവും ഈ റെക്കോര്‍ഡ് തിരുത്താന്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും സാധിച്ചിട്ടില്ല. 2018ല്‍ ഗുവാഹത്തിയില്‍ നടന്ന അന്തര്‍ സംസ്ഥാന അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇതിഹാസ താരം ശ്രീറാം സിങിന്റെ 42 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് തകര്‍ത്തതും ജിന്‍സനാണ്. 800 മീറ്ററില്‍ 1:45.65 എന്ന സമയം കുറിച്ചായിരുന്നു ഈ നേട്ടം. 2016ലെ റിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയപ്പോള്‍ 800 മീറ്ററില്‍ മത്സരിച്ച അദ്ദേഹം മികച്ച പ്രകടനത്തിലൂടെ ലോകോത്തര താരങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ സാന്നിധ്യം അറിയിച്ചിരുന്നു.
അപ്രതീക്ഷിതമായ പരിക്കുകള്‍ കരിയറില്‍ പലപ്പോഴും വെല്ലുവിളിയായിട്ടുണ്ട്. 2021ലെ ടോക്കിയോ ഒളിമ്പിക്‌സിന് തൊട്ടുമുമ്പ് കോവിഡ് ബാധിച്ചതും തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളും തിരിച്ചടിയായി. എന്നാല്‍ പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായി ശക്തമായ തിരിച്ചുവരവ് നടത്തിയാണ് 2023ല്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയത്. പ്രായവും കായികക്ഷമതയും കണക്കിലെടുത്ത് പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കാനാണ് വിരമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ്.

