സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് ആരോപണം; കോഴിക്കോടിനായിറങ്ങിയ യുപി സ്വദേശിനിക്കെതിരേ പരാതി
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ഒളിംപിക്സില്‍ മെഡല്‍ നേടിയ ഉത്തര്‍പ്രദേശുകാരി ജ്യോതി ഉപാധ്യയ്ക്കെതിരെ പരാതിയുമായി മറ്റ് മല്‍സരാര്‍ഥികള്‍. ജ്യോതിയുടെ പ്രായം സംബന്ധിച്ചു സംശയമുണ്ടെന്നും അത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍ മത്സരങ്ങളില്‍ നാലാം സ്ഥാനം നേടിയ മല്‍സരാര്‍ഥികളാണ് സംഘാടകര്‍ക്ക് പരാതി നല്‍കിയത്. ഈ രണ്ട് ഇനങ്ങളിലും ജ്യോതി വെള്ളി മെഡല്‍ നേടിയിരുന്നു.
ജ്യോതി സംസ്ഥാന ഒളിംപിക്സില്‍ പ്രായത്തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സൈറ്റില്‍ ജ്യോതി ഉപാധ്യ ജനിച്ചത് 2004-ല്‍ ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കുട്ടിയുടെ പ്രായം 21 വയസ്സും നാലുമാസവും ആണെന്നും 19 വയസ്സ് പ്രായപരിധിയുള്ള മല്‍സരങ്ങളില്‍ ജ്യോതി പങ്കെടുത്തത് തെറ്റാണെന്നും പരാതിയില്‍ പറയുന്നു. നഷ്ടപ്പെട്ട മെഡല്‍ അനുവദിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ മലപ്പുറത്തിന്റെ ആദിത്യ അജിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഫോട്ടോ ഫിനിഷിനൊടുവില്‍ 24.75 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ആദിത്യ സ്വര്‍ണമണിഞ്ഞത്. 24.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കോഴിക്കോടിന്റെ ജ്യോതി ഉപാധ്യ രണ്ടാമതെത്തിയത്. മാത്രമല്ല, 100 മീറ്ററിലും ജ്യോതി വെള്ളി നേടിയിരുന്നു. 12.26 സെക്കന്‍ഡിലാണ് ജ്യോതി ഫിനിഷ് ചെയ്തത്.