ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് വേട്ടയാടുന്നുവെന്ന് സിസ്റ്റര്‍ ലൂസി; പരാതി നല്‍കിയപ്പോള്‍ പോലിസ് പറഞ്ഞത് ക്ഷമിക്കാന്‍

Update: 2018-09-25 06:39 GMT

വയനാട്: ബിഷപ്പിന് എതിരായി സമരത്തില്‍ പങ്കെടുത്തതിന് വേട്ടയാടുന്നുവെന്ന പരാതിയുമായി സിസ്റ്റര്‍ ലൂസി. മൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന തന്റെ പരാതി പൊലിസ് അവഗണിച്ചതായി കന്യാസ്ത്രീമാരുടെ സമരത്തിന് പിന്തുണ നല്‍കിയ സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

പരാതിയുമായി ചെന്നപ്പോള്‍ ക്ഷമിക്കാനാണ് പൊലിസ് പറഞ്ഞത്. സഭയ്ക്കകത്ത് നിന്ന് പിന്തുണയില്ലാതെ ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്താനാകില്ലെന്നും അവര്‍ വ്യക്തമാക്കി.

മാനന്തവാടി പൊലിസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ കളിയാക്കും പോലെയായിരുന്നു പോലിസിന്റെ പെരുമാറ്റം. നിങ്ങളൊരു സിസ്റ്ററല്ലേ, ക്ഷമിച്ചൂടെ എന്നായിരുന്നു ചോദ്യം. ആളെ കണ്ടു കിട്ടിയാലല്ലേ ക്ഷമിക്കാന്‍ പറ്റൂവെന്ന് ഞാന്‍ മറുപടി നല്‍കി- സിസ്റ്റര്‍ ലൂസി പറഞ്ഞു.

രണ്ട് വ്യാജ പ്രൊഫൈലുകളില്‍ നിന്നായാണ് തനിക്കെതിരെ മോശമായ പരാമര്‍ശങ്ങളുണ്ടായതെന്നും ഇവര്‍ പറയുന്നു. താന്‍ താമസിച്ച സ്ഥലം, കാലഘട്ടം തുടങ്ങി മുഴുവന്‍ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു അപകീര്‍ത്തിപ്പെടുത്തല്‍. അതുകൊണ്ട് തന്നെ സഭയ്ക്കകത്ത് നിന്നുള്ള പിന്തുണ ഇതിനുണ്ടെന്ന് കരുതുന്നുവെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

കന്യാസ്ത്രീമാരുടെ സമരത്തിന് പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് നേരത്തേ സിസ്റ്റര്‍ ലൂസിയെ സഭാ നടപടികളില്‍ നിന്ന് വിലക്കുകയും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വിലക്ക് പിന്‍വലിക്കുകയും ചെയ്തിരുന്നു.
Tags:    

Similar News