അസന്‍സിയോ രക്ഷകന്‍; ലാലിഗയില്‍ റയല്‍ ഒന്നാമത്

Update: 2018-09-23 11:05 GMT

മാഡ്രിഡ്: മുമ്പ് ഗാരെത് ബെയ്‌ലും കരിം ബെന്‍സേമയും ഗോള്‍ മഴ തീര്‍ത്ത മല്‍സരങ്ങളില്‍ നിസ്സഹായനായി ഗോള്‍ സ്‌കോര്‍ ചെയ്യാനാവാതെ ഫോം നഷ്ടപ്പെട്ട അസെന്‍സിയോ ഒടുവില്‍ അഞ്ചാം മല്‍സരത്തില്‍ ഗോള്‍ കണ്ടെത്തി. റയലിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണാബുവില്‍ എസ്പ്യാനോളുമായുള്ള മല്‍സരത്തില്‍ താരത്തിന്റെ ഏകഗോളിലാണ് റയല്‍ വിജയം നേടിയെടുത്തത്. ജയത്തോടെ സൂപ്പര്‍ ടീം ബാഴ്‌സലോണയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി റയല്‍ ലാലിഗ ഗ്രൂപ്പിന്റെ തലപ്പത്തെത്തി. അഞ്ച് മല്‍സരങ്ങൡ നിന്ന് നാലു ജയവും ഒരു സമനിലയുമായി 13 പോയിന്റോടെയാണ് ടീം ഒന്നാമതെത്തിയത്. എന്നാല്‍ നാലു മല്‍സരങ്ങള്‍ മാത്രമാണ് ബാഴ്‌സ കളിച്ചത്. ഇതില്‍ നാലും ജയിച്ച് 12 പോയിന്റാണ് അവര്‍ക്കുള്ളത്.
ആദ്യ പകുതിയിലെ 41ാം മിനിറ്റിലായിരുന്നു അസെന്‍സിയോയുടെ ഗോള്‍.
മല്‍സരത്തില്‍ നിരവധി അവസരങ്ങള്‍ റയലിന് ലഭിച്ചെങ്കിലും അവയെല്ലാം തുലച്ച റയല്‍ മാഡ്രിഡിന് അസെന്‍സിയോയുടെ ഗോളാണ് ആശ്വാസം നല്‍കിയത്. തുടക്കത്തില്‍ അഞ്ചാം മിനിറ്റില്‍ തന്നെ ഇസ്‌കോയുടെ പിഴവില്‍ നിന്നാണ് റയലിന്റെ ഗോളടി അവസരങ്ങള്‍ക്ക് വിള്ളല്‍ വീഴാന്‍ തുടങ്ങിയത്. 41ാം മിനിറ്റില്‍ അസെന്‍സിയോ ഗോള്‍ നേടിയെങ്കിലും ഫൗള്‍ സംശയം തോന്നിയ റഫറി വാറിന് വിട്ടു. എന്നാല്‍ വാറിന്റെ തീരുമാനം റയലിന് അനുകൂലമായതോടെ റയല്‍ ഒരു ഗോളിന് മുന്നിട്ടു നിന്നു. പിന്നീട് ഗോളുകള്‍ വീഴാതിരുന്നതോടെ ഒരു ഗോള്‍ ജയം റയലിനൊപ്പം നിന്നു.
എതിര്‍ പോസ്റ്റിലേക്ക് 19 ഷോട്ടുകള്‍ തൊടുത്ത ശേഷമാണ് റയലിന് ഒരു ഗോള്‍ ഭാഗ്യം വീണത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അസെന്‍സിയോ അവസാനമായി ലാലിഗയില്‍ ഗോള്‍ നേടിയത്. 2017 നവംബറിലാണ് സാന്റിയാഗോ ബെര്‍ണാബുവില്‍ അസെന്‍സിയോ ഇതിനു മുമ്പ് ഒരു ലാലിഗ ഗോള്‍ നേടിയത്.
Tags:    

Similar News