കൊവിഡുകാല പ്രവാസവും മാനസിക ആരോഗ്യവും; ഇന്ത്യൻ സോഷ്യൽ ഫോറം വെബിനാർ സംഘടിപ്പിച്ചു

സൈക്കോളജിക്കൽ കൗൺസിലറും, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിസ്റ്റുമായ അമീർ കോയിവിള വിഷയം അവതരിപ്പിച്ചു.

Update: 2020-06-26 18:58 GMT

റിയാദ്: കൊവിഡുകാല പ്രവാസവും മാനസിക ആരോഗ്യവും എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം, ഷിഫ ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് പ്രവാസികളിൽ നിലവിലുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനും, മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുമാവശ്യമായ മാർ​ഗനിർദേശങ്ങൾ വെബിനാറിൽ ചർച്ച ചെയ്യപ്പെട്ടു.

പ്രമുഖ സൈക്കോളജിക്കൽ കൗൺസിലറും, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിസ്റ്റുമായ അമീർ കോയിവിള വിഷയം അവതരിപ്പിച്ചു. നെഗറ്റീവായ ചിന്തകൾ മനുഷ്യ ജീവിതത്തെ എങ്ങനെയാണ് ദോഷകരമായി ബാധിക്കുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. ജീവിതത്തിൽ കഴിഞ്ഞു പോയ സന്തോഷകരമായ മുഹൂർത്തങ്ങളെ ഓർത്തെടുക്കുന്നതിലൂടെ മാനസിക ഉന്മേഷം നേടിയെടുക്കാമെന്നും, അപ്പോൾ തലച്ചോറിലും ശരീരത്തിലും സംഭവിക്കുന്ന പോസ്റ്റിവ് ആയ രാസമാറ്റങ്ങളും അദ്ദേഹം വിശദീകരിച്ചു.

നെഗറ്റീവായ ചിന്തകളെ മനപൂർവ്വം വഴിതിരിച്ചു വിടുന്നതിനുള്ള മറ്റു ശാസ്ത്രീയ മാർഗങ്ങളും പങ്കുവെച്ച അദ്ദേഹം, ഉത്കണ്ഡയും, മാനസിക പിരിമുറുക്കവും പോലെയുള്ള അവസ്ഥയിൽ ശരീരത്തിൽ നടക്കുന്ന രാസമാറ്റങ്ങളും വിവരിച്ചു. ഇത്തരം അവസ്ഥകളിൽ രോഗപ്രതിരോധ ശേഷി വളരെയധികം കുറയുന്നതിനാൽ ചിന്തകളെ പോസ്റ്റിവ് ആക്കിമാറ്റി മാനസികവും ശാരീരികവുമായ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിന്റെയും, രോഗ പ്രതിരോധത്തിനുള്ള ബാഹ്യമായ മുൻകരുതൽ എടുക്കുന്നതിന്റെയും പ്രാധാന്യം സദസ്സിനെ ബോധ്യപ്പെടുത്തി. തുടർന്ന് സദസ്യരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.

സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി വെബിനാർ ഉദ്ഘാടനം ചെയ്തു. ഷിഫ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് അഷ്റഫ് വേങ്ങൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് വെൽഫെയർ ഇൻചാർജ് ഷാജഹാൻ വണ്ടിപ്പെരിയാർ സ്വാഗതവും ജുനൈസ് നന്ദിയും പറഞ്ഞു.

Similar News