സൗദിയിൽ നിന്നുള്ള വന്ദേ ഭാരത് ഷെഡ്യൂളുകളില്‍ മാറ്റം: ഇന്ത്യന്‍ എംബസി

ഗോ എയര്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല. സ്‌പൈസ്‌ജെറ്റ് വിമാനങ്ങളാകും പകരം സര്‍വീസ് നടത്തുക.

Update: 2020-07-22 14:42 GMT

റിയാദ്: വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ അവസാന വിമാന ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയതായി ഇന്ത്യന്‍ എംബസി. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ഗോ എയര്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല. സ്‌പൈസ്‌ജെറ്റ് വിമാനങ്ങളാകും പകരം സര്‍വീസ് നടത്തുക.

പുതിയ ഷെഡ്യൂള്‍ അനുസരിച്ച് 22 സര്‍വീസുകളാകും സൗദിയില്‍ നിന്നുണ്ടാകുക. മുമ്പ് 47 സര്‍വ്വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. 16 വിമാനങ്ങളാണ് പുതിയ ഷെഡ്യൂളില്‍ കേരളത്തിലേക്കുള്ളത്. സ്‌പൈസ് ജെറ്റ് റിയാദില്‍ നിന്ന് ജൂലൈ 24, 25, 26, 31 തീയതികളിലും ജിദ്ദയില്‍ നിന്ന് ജൂലൈ 24, 25 തീയതികളിലും ദമ്മാമില്‍ നിന്ന് ജൂലൈ 26, 27, 30 തീയതികളിലും കോഴിക്കോടേക്ക് സര്‍വീസ് നടത്തും. ജൂലൈ 27, 28, 29 തീയതികളില്‍ ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കും ജൂലൈ 28, 29, 30 തീയതികളില്‍ ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്കുമാണ് സ്‌പൈസ് ജെറ്റിന്റെ കേരളത്തിലേക്കുള്ള മറ്റ് സര്‍വീസുകള്‍.

ജൂലൈ 27ന് ഇന്‍ഡിഗോയുടെ ഒരു സര്‍വീസും ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കുണ്ട്. എന്നാല്‍ പുതിയ ഷെഡ്യൂള്‍ അനുസരിച്ച് കണ്ണൂരിലേക്ക് വിമാനങ്ങളില്ല. കേരളത്തിലേക്ക് 1100 റിയാലാണ് സ്‌പൈസ് ജെറ്റിന്റെ ടിക്കറ്റ് നിരക്ക്. ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് യാത്രാനുമതിയുള്ളത്. ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന ക്രമത്തിലാണ് ടിക്കറ്റ് വില്‍പ്പനയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 

Similar News