പൊതുജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ട് യുഎഇ

താമസക്കാര്‍, സന്ദര്‍ശകര്‍, യുഎഇ പൗരന്‍മാര്‍ തുടങ്ങി രാജ്യത്ത് താമസിക്കുന്ന എല്ലാവരും ആരോഗ്യ സുരക്ഷാ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

Update: 2020-03-23 04:31 GMT

ദുബൈ: ജനങ്ങള്‍ അടിയന്തിര സാഹചര്യങ്ങളില്‍ അല്ലാതെ താമസയിടങ്ങളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങള്‍ക്കായി മാത്രമേ വീടിന് വെളിയിലേക്ക് ഇറങ്ങാവൂ എന്നും യുഎഇ സര്‍ക്കാര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

താമസക്കാര്‍, സന്ദര്‍ശകര്‍, യുഎഇ പൗരന്‍മാര്‍ തുടങ്ങി രാജ്യത്ത് താമസിക്കുന്ന എല്ലാവരും ആരോഗ്യ സുരക്ഷാ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മുന്‍കരുതല്‍ നടപടികളില്‍ ഉറച്ചുനില്‍ക്കണം. സമൂഹിക സമ്മേളനങ്ങള്‍, തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നിവ ഒഴിവാക്കുകയും വേണം. സൗഹൃദ സന്ദര്‍ശനങ്ങളും പരിമിതപ്പെടുത്തണം. സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രാലയവും അതോറിറ്റിയും ഓര്‍മ്മിപ്പിച്ചു.

ജനങ്ങള്‍ പരമാവധി സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കണം. എന്നാല്‍ ഒരു വാഹനത്തില്‍ മൂന്നിലേറെ ആളുകള്‍ ഇരിക്കരുത്. അത്യാഹിതങ്ങള്‍ക്ക് ഒഴികെ ആശുപത്രികളോ മെഡിക്കല്‍ ക്ലിനിക്കുകളോ സന്ദര്‍ശിക്കരുത്. ഫേസ് മാസ്‌ക്കുകള്‍ ഉപയോഗിക്കണം. അടിയന്തരാവശ്യങ്ങള്‍ക്കോ ജോലിക്കോ അല്ലാതെ വീട്ടില്‍നിന്നും പുറത്തേക്ക് പോകരുത്. ടാക്‌സി ഉള്‍പ്പെടെ എല്ലാ പൊതുഗതാഗതങ്ങളും ഉപയോഗിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കും. നിയമലംഘകര്‍ക്ക് ജയില്‍ശിക്ഷയും പിഴയും ഉള്‍പ്പെടെ കടുത്ത നിയമനടപടികളായിരിക്കും നേരിടേണ്ടിവരിക. 

Similar News