ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ 737 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്

മോചിതരാക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന തടവുകാര്‍ക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അറിയിച്ചു.

Update: 2022-07-05 14:06 GMT

അബുദബി: ബലി പെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തെ പല ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കായിരിക്കും പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുക.

മോചിതരാക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന തടവുകാര്‍ക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അറിയിച്ചു. യുഎഇ പിന്തുടരുന്ന ക്ഷമയുടെയും സഹിഷ്ണുതയുടെയും മാനവികതയുടെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഈ തീരുമാനത്തിലൂടെ മോചിതരാവുന്ന തടവുകാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അധ്യായം തുടങ്ങാനും തങ്ങളുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും സാധിക്കുമെന്നും ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.

ഒപ്പം പെരുന്നാളിന് മുന്നോടിയായി യുഎഇ പ്രസിഡന്റ് പ്രഖ്യാപിക്കുന്ന ജയില്‍ മോചനത്തിലൂടെ തടവുകാര്‍ക്ക് അവരുടെ കുടുംബങ്ങളുമായുള്ള ബന്ധം ഊഷ്‍മളമാക്കാനും അവരുടെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ സന്തോഷം പകരാനും സഹായിക്കുമെന്നും ഒപ്പം മോചിതരാക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ ചെയ്‍തികളെക്കുറിച്ച് പുനരാലോചന നടത്തി ശരിയായ പാതയിലേക്ക് തിരികെ വന്ന് വിജയകരമായ ജീവിതം നയിക്കാന്‍ അവസരമൊരുക്കുമെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവന പറയുന്നു.

Similar News