കാൻസർ ബാധിതരായ കുട്ടികൾക്ക് വേണ്ടി രണ്ട് ഹോപ്പ് ഹോംസുകൾ കൂടി

കോഴിക്കോട് രണ്ടിടത്തും, തലശ്ശേരി, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ ഹോപ്പ് ഹോംസുകൾ പ്രവർത്തിക്കുന്നത്.

Update: 2021-04-25 13:34 GMT

ദുബൈ: കേരളത്തിലെ കാൻസർ ബാധിതരായ കുട്ടികളുടെ പ്രത്യാശാ കേന്ദ്രമായ ഹോപ്പ് ഹോംസുകൾ രണ്ട് സ്ഥലങ്ങളിൽ കൂടി ഉടൻ തുറക്കുമെന്ന് ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ ഭാരവാഹികൾ ദുബയിൽ അറിയിച്ചു. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലാണ് പുതിയതായി രണ്ട് ഹോപ്പ് ഹോംസുകൾ തുറക്കുകയെന്ന് അണിയറ പ്രവർത്തകരായ ഹാരിസ് കാട്ടകത്ത്, ഷാഫി അൽ മുർഷിദി, ഡോ സൈനുൽ ആബിദീൻ എന്നിവർ പറഞ്ഞു.

കോഴിക്കോട് രണ്ടിടത്തും, തലശ്ശേരി, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ ഹോപ്പ് ഹോംസുകൾ പ്രവർത്തിക്കുന്നത്. അർബുധ ബാധിതരായ കുരുന്നുകൾക്കും, അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ ചികിൽസ സഹായങ്ങളും മറ്റും നൽകുന്ന പ്രസ്ഥാനമാണ് ദുബയ് കേന്ദ്രമായുള്ള ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ.

കുട്ടികൾക്ക് അർബുദരോഗത്തെ അതിജീവിക്കാനുള്ള ഏറ്റവും മികച്ച സാധ്യതകളാണ് ഹോപ്പ് തികച്ചും സൗജന്യമായി നൽകുന്നത്. രോഗികളായ കുരുന്നുകൾക്കും, അവരുടെ കുടുംബങ്ങൾക്കുമുള്ള താമസം, ചികിൽസാ സമയത്ത് ആവശ്യമായ മരുന്നുകൾ, ഭക്ഷണം, വാഹന സൗകര്യങ്ങൾ, ചികിൽസാ നിർദേശങ്ങൾ, കാൻസറിനാൽ കുട്ടികൾക്ക് അവരുടെ ബാല്യം നഷ്ടപ്പെടാതിരിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, മറ്റു സർഗ്ഗാത്മക വേദികൾ എല്ലാം ഹോപ്പ് ഹോംസിലുടെ ഏകോപിപ്പിക്കുന്നുവെന്ന് സംഘാടകർ വ്യക്തമാക്കി.

Similar News