സഹിഷ്ണുത ഇസ്‌ലാമിന്റെ അടിസ്ഥാന ദര്‍ശനം: എം എം അക് ബര്‍

ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധി ഹിശാം അല്‍ മുത്തവ പ്രഭാഷണം ഉദ്ഘാടനം ചെയ്തു

Update: 2019-05-10 20:33 GMT

ദുബയ്: സഹിഷ്ണുതയും സഹവര്‍ത്തിതവും ഇസ്‌ലാമിന്റെ അടിസ്ഥാന ദര്‍ശനവും തത്വ ശാസ്ത്രവുമാണെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടര്‍ എം എം അക്ബര്‍. ദുബയ് അന്തരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണത്തില്‍ 'സഹിഷ്ണുത, സഹവര്‍ത്തിത്വം, ഇസ്‌ലാം' എന്ന വിഷയമം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹിഷ്ണുതയും സഹവര്‍ത്തിത്വവും സാമൂഹികജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാനും നിലനിര്‍ത്താനും കണിശതയാര്‍ന്ന കല്‍പനകളാണ് ഇസ്‌ലാം നല്‍കിയിട്ടുള്ളത്. വിശ്വാസത്തിന്റെ അകക്കാമ്പായും ജീവിതത്തിന്റെ രീതിശാസ്ത്രമായും നല്‍കിയ അത്തരം കാര്യങ്ങളെ പ്രധാനമായും നാലായി ക്രോഡീകരിക്കാം. ജാതി മത വര്‍ഗങ്ങള്‍ക്കതീതമായി മുഴുവന്‍ മനുഷ്യര്‍ക്കും മഹത്വവും ആദരവും നല്‍കിക്കൊണ്ട് സര്‍വ്വരെയും ഒന്നായിക്കാണാന്‍ പഠിപ്പിച്ചതാണ് അതില്‍ ഒന്നാമത്തേത്. വര്‍ഗ-വംശ-ദേശ-കുല മഹിമകളുടെ പേരില്‍ അധമത്വം കല്‍പ്പിക്കുകയും ഔന്നിത്വം നിര്‍ണയിക്കുകയും ചെയ്യുന്ന സമ്പ്രദായത്തെ അടിവേരോടെ ഇസ്‌ലാം പിഴുതെറിഞ്ഞുവന്നതാണ് രണ്ടാമത്തേത്. സകല ഉച്ചനീതത്വങ്ങളെയും നിരാകരിച്ച് മനുഷ്യര്‍ക്ക് മൊത്തത്തില്‍ നല്‍കിയ പവിത്രത മൂന്നമാതായും ഏവര്‍ക്കും സമ്പൂര്‍ണമായ വിശ്വാസ സ്വാതന്ത്രം നല്‍കിയെന്നത് നലാമതായും വിവിധ ഉദ്ധരണികളും പ്രവാചകജീവിതവും വിശദീകരിച്ച് അദ്ദേഹം വിവരിച്ചു.

    ഇസ്‌ലാമിക നാഗരികതയാണ് സഹിഷ്ണുതയും സഹവര്‍ത്തിത്വവും ഒരു സംസ്‌കാരമായി ലോകത്ത് നിലനിര്‍ത്തിപ്പോന്നിട്ടുള്ളത് എന്ന് മാര്‍മഡ്യൂക് പിക്താള്‍ നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. അസഹിഷ്ണുത അസാധാരണമാംവിധം പടരുന്ന വര്‍ത്തമാനകാലത്ത് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹിഷ്ണുതാ വര്‍ഷാചരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും സഹിഷ്ണുതയുടെ വക്താക്കളാവാനും പ്രചാരകരാവാനും എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മാനവികതയിലും സ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമാണ് ഇസ്‌ലാമിന്റെ സാമൂഹിക സമീപനമെന്ന് പരിപാടിയില്‍ സംസാരിച്ച പണ്ഡിതനും പ്രഭാഷകനുമായ അബ്ദുല്‍ ഹസീബ് മദനി പറഞ്ഞു. വിശ്വാസരംഗത്തെ ദൃഡതയും കര്‍മരംഗത്തെ ജാഗ്രതയും അനുഷ്ഠാനത്തിലെ നിഷ്ഠയും സാംസ്‌കാരികരംഗത്തെ അസ്തിത്വവും നിലനിര്‍ത്തവെ തന്നെ, അതേപ്രകാരം കഴിയുന്ന ഇതരവിഭാഗങ്ങളെയും ആദരിക്കാനും ബഹുമാനിക്കാനും അവരുടെ അടയാളങ്ങളെ മാനിക്കാനും ഇസ്‌ലാം മുസ്‌ലിംകളെ ഉണര്‍ത്തുന്നു. ജനങ്ങളുമായി നിരന്തരം ഇടപഴകാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരുടെ പ്രയാസങ്ങളില്‍ ക്ഷമയോടെ കൂടെ നില്‍ക്കാനും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. സത്യത്തിലൂന്നിയും നീതിയില്‍ അധിഷ്ഠിതമായും ജാതി-മത-വര്‍ഗ-ദേശ-ഭാഷാ പരിഗണനകള്‍ക്കതീതമായി മുഴുവന്‍ മനുഷ്യരെയും ആദരിക്കാനും ബഹുമാനിക്കാനുമാണ് ഇസ്‌ലാം കല്‍പിച്ചിട്ടുള്ളത്. വൈവിധ്യങ്ങളെ ഇസ്‌ലാം അംഗീകരിക്കുന്നു. ആത്യന്തിക മോക്ഷവും സ്വര്‍ഗീയ ജീവിതവും വാഗ്ദാനം ചെയ്യുന്ന ഇസ്‌ലാം, പക്ഷേ ആരെയും അത് അടിച്ചേല്‍പ്പിക്കാനോ നിര്‍ബന്ധിക്കാനോ ഉള്ള അവകാശം നല്‍കുന്നില്ല. നമ്മുടെ പരിസരങ്ങളില്‍ സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാനവിക ഐക്യത്തിന്റെയും ഉദാത്ത മാതൃകകളാവാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്നും അത് ചരിത്രപരമായ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

    ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധി ഹിശാം അല്‍ മുത്തവ പ്രഭാഷണം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. അല്‍മനാര്‍ ഇസ്‌ലാമിക് സെന്റര്‍ ഡയരക്ടര്‍ മൗലവി അബ്ദുസ്സലാം മോങ്ങം, ഖജാഞ്ചി വി കെ സകരിയ്യ സംസാരിച്ചു.




Tags:    

Similar News