ദുബയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഷോപ്പിങ് നടത്താൻ പ്രത്യേക ഡിസ്കൗണ്ട് പദ്ധതി

ആപ്പിൽ ഇംഗ്ലീഷ്,അറബി ഭാഷകൾ തിരഞ്ഞെടുത്തു ഉപയോഗിക്കാൻ സൗകര്യമുണ്ട്.

Update: 2020-12-10 17:47 GMT

ദുബയ്: ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഷോപ്പിങ് നടത്താൻ പ്രത്യേക ഡിസ്കൗണ്ട് പദ്ധതിയുമായി ദുബയ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്മാർട്ട്‌ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് കിഴിവ് ലഭിക്കുക.

ഇതിലൂടെ ഷോപ്പിങ് സെന്ററുകൾ, വിവിധ ഷോപ്പുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ അടക്കമുള്ള രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്ന് പ്രത്യേക ഡിസ്കൗണ്ട് ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിങ് ജൈറ്റെക്സ് ടെക്നോളജി വീക്കിൽ നടന്നു. ജിഡിആർഎഫ്എ ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറിയും, ദുബയ് എക്കണോമിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ സാമി അൽ കംസിയും ചേർന്നാണ് ഡിസ്കൗണ്ട് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്

അൽ സാദ ടൂറിസ്റ്റ് സ്മാർട്ട് കാർഡ് എന്ന പേരിലാണ് കിഴിവ്. പാസ്പോർട്ട് കൗണ്ടറിന് മുന്നിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ പ്രത്യേക ബാർകോഡ് നൽകും. ഇതിലെ കോഡ് സ്കാൻ ചെയ്തു -പാസ്പോർട്ട് നമ്പറും, എത്തിച്ചേർന്ന തീയതിയും രജിസ്റ്റർ ചെയ്താലാണ് പദ്ധതിയുടെ ഭാഗമാകാൻ കഴിയുക. പ്രൊമോഷൻ ലഭിക്കുന്ന സ്ഥാപനങ്ങളും, അതിന്റെ ലൊക്കേഷനുകളും ആപ്പിൽ ദൃശ്യമാകുന്നതാണ്.

ആപ്പിൽ ഇംഗ്ലീഷ്,അറബി ഭാഷകൾ തിരഞ്ഞെടുത്തു ഉപയോഗിക്കാൻ സൗകര്യമുണ്ട്. വിനോദ സഞ്ചാരികൾ രാജ്യം വിടുന്നതോടു കൂടി കാർഡിന്റെ കാലാവധിയും അവസാനിക്കും. തുടർന്ന് മറ്റൊരു ടൂറിസ്റ്റ് വിസയിൽ എത്തുമ്പോൾ അവർക്ക് പുതിയൊരു ഡിസ്കൗണ്ട് കാർഡ് നൽകുന്നതാണ്. രാജ്യത്ത് എത്തുന്ന സന്ദർശകരുടെ സന്തോഷ അനുഭവങ്ങൾ വർധിപ്പിക്കാനാണ് ഇത്തരത്തിൽ ഒരു പദ്ധതിയുമായി മുന്നോട്ട് വരുന്നതെന്ന് മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി പറഞ്ഞു.

Similar News