ഗൾഫ് രാജ്യങ്ങളിൽ അരിവില കുത്തനെ കൂടുമെന്ന് മുന്നറിയിപ്പ്

പ്രവാസികൾ വലിയ തോതിൽ ഉപയോഗിക്കുന്ന രണ്ട് ഇനങ്ങൾക്കാണ് കേന്ദ്ര സര്‍ക്കാര്‍ 20 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Update: 2022-09-14 18:25 GMT

ദുബയ്: ഗൾഫ് രാജ്യങ്ങളിൽ അരിവില കുത്തനെ കൂടുമെന്ന് മുന്നറിയിപ്പ്. ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുവ ഏര്‍പ്പെടുത്തിയതാണ് അരി വില ഉയരാൻ കാരണം. ഇത് കാരണം വിപണിയില്‍ ഇരുപത് ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.

പ്രവാസികൾ വലിയ തോതിൽ ഉപയോഗിക്കുന്ന രണ്ട് ഇനങ്ങൾക്കാണ് കേന്ദ്ര സര്‍ക്കാര്‍ 20 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോഗം കുറവുള്ള ബസുമതി അരിക്ക് തീരുവ ഏര്‍ടുത്തിയിട്ടില്ല. പുതിയ തീരുവയ്ക്ക് ആനുപാതികമായ വിലവര്‍ധന വിപണിയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ അരി ഉൽപാദനത്തിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്.

ഇന്ത്യയുടെ അരി കയറ്റുമതിയിൽ നല്ലൊരു പങ്കും ഗൾഫ് രാജ്യങ്ങളിലേക്കാണ് അയക്കുന്നത്. പാകിസ്താനിൽ നിന്നും വിയറ്റ്നാമിൽ നിന്നും കൂടുതൽ അരി ഇറക്കുമതി ചെയ്ത് വില നിയന്ത്രിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ സമീപകാലത്തുണ്ടായ പ്രളയം പാക്കിസ്താനിൽ വന്‍ കൃഷിനാശമുണ്ടാക്കിയത് ഈ ശ്രമങ്ങൾക്ക് തിരിച്ചടിയായി.

Similar News