തുർക്കിയിൽ കോടികളുടെ തട്ടിപ്പ് നടത്തി ലുലു ഗ്രൂപ്പ് ജീവനക്കാരനായ മലയാളി മുങ്ങി

രണ്ടര ലക്ഷം യുഎസ് ഡോളറിൻ്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്.

Update: 2022-01-12 17:44 GMT

ഇസ്താംബുൾ: തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിൻ്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ ചെറുതുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളമാണ് തുർക്കിയിൽ നിന്നും നാടകീയമായി നാട്ടിലേക്ക് മുങ്ങിയത്.

കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുൾ ഓഫിസിലെ മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയർമാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി.

രണ്ടര ലക്ഷം യുഎസ് ഡോളറിൻ്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്. വാർഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിൻ്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതർക്ക് വ്യക്തമായ വിവരം ലഭിക്കുന്നത്.

അവധി കഴിഞ്ഞ് തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിന് വിധേയനാകാൻ ആവശ്യപ്പെടുകയായിരുന്നു. അബുദാബിയിലേക്ക് പോകുന്നുവെന്ന ധാരണ നൽകിയാണ് അനീഷ് ഇന്നലെ നാട്ടിലേക്ക് രക്ഷപ്പെട്ടത്. അനീഷിനെതിരേ ഇസ്താംബുൾ പോലിസ്, ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ അറിയിച്ചു.

Similar News