പ്രവാസി ആദായ നികുതി നിര്‍ദ്ദേശം പിന്‍വലിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2020-02-02 17:05 GMT

ജിസാന്‍: പ്രവാസി ഇന്ത്യക്കാരില്‍ നിന്നും ആദായ നികുതി ഈടാക്കാനുള്ള ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന നിര്‍ദ്ദേശമാണ് ബജറ്റില്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്നും ബ്ലോക്ക് കമ്മറ്റി അഭിപ്രായപ്പെട്ടു.

ലെവി അടക്കമുള്ള നികുതികളും ഇതര ചെലവുകളും വര്‍ധിച്ചുവരുന്ന കാലത്ത് പ്രവാസികള്‍ക്ക് കൂടുതല്‍ ബുദ്ദിമുട്ട് ഉണ്ടാക്കുന്ന നിര്‍ദ്ദേശം കാരണം നാട്ടിലേക്ക് നിയമാനുസൃതം പണമയക്കുന്നതും നിക്ഷേപം ഇറക്കുന്നതും കുറയുവാനും ഇടവരുത്തും. പ്രവാസികളുടെ പുനരുദ്ധാനത്തിന് വേണ്ട നിര്‍ദ്ദേശങ്ങളോ, വിഹിതങ്ങളോ വകയിരുത്താത്ത ബജറ്റ് കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ വന്ന ഏറ്റവും മോശമായ ബജറ്റ് ആണ്. 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കുള്ള അവലന്‍സുകള്‍ വെട്ടിക്കുറക്കാന്‍ നിര്‍ദ്ദേശിച്ചത് ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ എന്നും യോഗം ആശങ്കപ്പെട്ടു. എന്‍ആര്‍സി, സിഎഎ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച യോഗം സമരം കൂടുതല്‍ ശക്തമാക്കേണ്ട ആവശ്യകതയും വിലയിരുത്തി. വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. അബ്ദുറഹീം സ്വാഗതവും മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

Similar News