നാടുകടത്തല്‍ കേന്ദ്രം വഴി നാട്ടിലേക്ക് പോകുന്നവർക്ക് യാത്രാ നിബന്ധനയിൽ ഇളവ്

ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് റിസൾട്ട് മാത്രം കൈയ്യിൽ കരുതിയാൽ മതിയാകും.

Update: 2022-02-16 19:25 GMT

റിയാദ്: സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രം (തർഹീൽ‌) വഴി നാട്ടിലേക്ക് മടങ്ങുന്നവർക്ക് യാത്രാ നിബന്ധനയിൽ ഇളവ് അനുവദിച്ചു. നിയമ ലംഘകരായി പിടിക്കപ്പെട്ട് തർഹീലുകളിൽ കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് എയര്‍ സുവിധ രജിസ്‌ട്രേഷനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമില്ലെന്ന് ഇന്ത്യന്‍ എംബസിയാണ് അറിയിച്ചത്.

ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് റിസൾട്ട് മാത്രം കൈയ്യിൽ കരുതിയാൽ മതിയാകും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ യാത്രാ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇളവ് ലഭ്യമാക്കിയത്. ഇന്ത്യയില്‍ പ്രാബല്യത്തിലായ കേന്ദ്ര കൊവിഡ് യാത്രാനയം അനുസരിച്ച് വിദേശത്ത് നിന്ന് നാട്ടിലേക്ക് പോകുന്നതിന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

യാത്രക്കാര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധയില്‍ അപ്‍ലോഡ് ചെയ്‍ത് രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കണം. എങ്കില്‍ മാത്രമേ വിമാന കമ്പനികള്‍ ബോർഡിങ് പാസ് അനുവദിക്കുകയുള്ളൂ. എന്നാല്‍ സൗദിയിൽ നിന്ന് തർഹീൽ വഴി വരുന്നവർക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും എയര്‍സുവിധ രജിസ്‌ട്രേഷനും ആവശ്യമില്ല. പകരം നെഗറ്റീവ് ആര്‍ടിപിസിആര്‍ ഫലം ഉണ്ടായാല്‍ മതിയെന്ന് സൗദി ഇന്ത്യന്‍ എംബസി വ്യക്തമാക്കി.