സൗദിയില്‍ ലെവി ഇളവിന് എങ്ങനെ അപേക്ഷിക്കാം; തൊഴില്‍ മന്ത്രാലയത്തിന്റെ വിശദീകരണം

സ്ഥാപന ഉടമ ഐബിഎഎന്‍(IBAN) ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും വാണിജ്യ രജിസ്‌ട്രേഷന്‍ നമ്പറും ഉള്‍പ്പെടെ തൊഴില്‍ മന്ത്രാലയത്തിനാണ് അപേക്ഷ നല്‍കേണ്ടത്

Update: 2019-02-10 13:55 GMT

റിയാദ്: സൗദി അറേബ്യയില്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിന് അപേക്ഷിക്കേണ്ട രീതിയെക്കുറിച്ച് തൊഴില്‍ മന്ത്രാലയം വിശദീകരണവുമായി രംഗത്ത്. സ്ഥാപന ഉടമ ഐബിഎഎന്‍(IBAN) ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും വാണിജ്യ രജിസ്‌ട്രേഷന്‍ നമ്പറും ഉള്‍പ്പെടെ തൊഴില്‍ മന്ത്രാലയത്തിനാണ് അപേക്ഷ നല്‍കേണ്ടത്. സ്ഥാപന ഉടമ നല്‍കിയ വിവരങ്ങള്‍ മന്ത്രാലയം ഉറപ്പുവരുത്തിയ ശേഷം 2018 കാലാവധിയിലേക്ക് ലെവി ഇനത്തില്‍ അടച്ച സംഖ്യ അക്കൗണ്ടിലേക്ക് തിരിച്ചു നല്‍കും. വ്യക്തികള്‍ക്കു കീഴിലുള്ള ചെറുകിട സ്ഥാപനങ്ങള്‍ ഉടമയുടെ തിരിച്ചറിയല്‍ കാര്‍ഡ്, ഐബിഎഎന്‍ ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ട് എന്നിവ നല്‍കിയാല്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി(സാമ) വിവരങ്ങള്‍ ഉറപ്പുവരുത്തി സംഖ്യ തിരിച്ചുനല്‍കാനുള്ള നടപടി സ്വീകരിക്കും. സ്ഥാപനങ്ങളുടെ തൊഴില്‍ മന്ത്രാലയ രജിസ്റ്ററില്‍ ലെവി എന്നത് ഇളവ് പരിഗണിച്ച് ലെവി ഇനത്തില്‍ ബാക്കിയുള്ളത് എന്നാക്കി മാറ്റുമെന്നും മന്ത്രാലയം അറിയിച്ചു. വിട്ടുവീഴ്ച ചെയ്യുന്ന സംഖ്യ ഒഴിവാക്കിയ ശേഷമാണ് ഈയിനത്തില്‍ റെക്കോഡില്‍ സംഖ്യ കാണിക്കുക. സംഖ്യയില്‍ വിയോജിപ്പുണ്ടെങ്കില്‍ അത് രേഖപ്പെടുത്താനും ഓണ്‍ലൈന്‍ സംവിധാനമുണ്ടാവുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.




Tags:    

Similar News