ഭരണഘടനാ വിരുദ്ധ ബില്‍: ജനകീയ ഹര്‍ത്താലിന് പിന്തുണയുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാനുള്ള സംഘപരിവാറിന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ക്ക് എതിരേയാണ് ഹര്‍ത്താലെന്ന്് സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

Update: 2019-12-15 14:15 GMT

റിയാദ്: മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിഷേധിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഈ മാസം 17ന് ആഹ്വാനം ചെയ്ത സംയുക്ത ഹര്‍ത്താലിന് പിന്തുണയുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്‌റ്റേറ്റ് കമ്മറ്റി. സംയുക്ത സംഘടനകള്‍ ഐക്യപ്പെട്ട് നടത്തുന്ന ജനകീയ ഹര്‍ത്താല്‍ ഇവിടത്തെ ഏതെങ്കിലും ഹൈന്ദവ വിശ്വാസികള്‍ക്കെതിരല്ല, മറിച്ച് ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാനുള്ള സംഘപരിവാറിന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ക്ക് എതിരേയാണന്ന് സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

സ്വേച്ഛാധിപത്യങ്ങളുടെ അക്രമങ്ങള്‍ക്കും കരിനിയമങ്ങള്‍ക്കും വഴങ്ങുകയോ, ആജ്ഞാപനങ്ങള്‍ കേട്ട് കിടപ്പാടങ്ങള്‍ വിട്ടോടുകയോ ചെയ്തവരാരും ചരിത്രത്തിലെവിടെയും അതിജീവിച്ചിട്ടില്ല. പൊരുതിയവര്‍ക്ക് മാത്രമാണ് നിലനില്‍പുണ്ടായത്.

സാധ്യമായ മാര്‍ഗങ്ങളിലൂടെ ജനകീയ രാഷ്ട്രീയ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുക തന്നെ വേണം. ഫാസിസം ആവശ്യപ്പെടുന്ന തെളിവുകള്‍ ശേഖരിക്കാന്‍ നേട്ടോട്ടമോടിയത് കൊണ്ടും രക്ഷപെടില്ല. അതേ ഊര്‍ജവും സമയവും ഉപയോഗിച്ച് കൊണ്ട് അവരെ ചെറുത്ത് തോല്‍പിക്കുവാന്‍ മുന്നോട്ട് വരണമെന്ന് സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.

സോഷ്യല്‍ ഫോറം കേരളാ സ്‌റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീര്‍ തിരൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി മുഖ്യാതിഥി ആയിരുന്നു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഹാരീസ് മംഗലാപുരം, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി, സെക്രട്ടറിമാരായ മുഹിനുദ്ദീന്‍ മലപ്പുറം, ഉസ്മാന്‍ മുഹമ്മദ് സംസാരിച്ചു. യോഗത്തില്‍ സോഷ്യല്‍ ഫോറം ബ്ലോക്ക് നേത്യത്വങ്ങള്‍ സന്നിഹിതരായിരുന്നു.

Tags:    

Similar News