യുഎഇയുടെ സഹായം യമനിലെ സോക്കോത്ര ജനതയെ അഭിവൃധിപ്പെടുത്തിയെന്ന് റിപോര്‍ട്ട്

Update: 2021-07-31 16:19 GMT

സോക്കോത്ര ദ്വീപ്‌

അബൂദബി: യുഎഇ സര്‍ക്കാരിന്റെ ദുരിതാശ്വാസ, വികസന സഹായങ്ങള്‍ യമനിലെ സോക്കോത്ര ജനതയുടെ ജീവിതവും ഉപജീവനമാര്‍ഗവും മെച്ചപ്പെടുത്താന്‍ കാരണമായതായി റിപോര്‍ട്ട്. എമിറേറ്റ്‌സ് റെഡ് ക്രസന്റ്, ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഫൗണ്ടേഷന്‍, ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ് യാന്‍ ഹ്യുമാനിറ്റേറിയന്‍ ആന്റ് സയന്റിഫിക് ഫൗണ്ടേഷന്‍, അബൂദബി ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, അബൂദബി വേസ്റ്റ് മാനേജ്‌മെന്റ് സെന്റര്‍ തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന് 2015 മുതല്‍ 2021 വരെ 110 ദശലക്ഷം യുഎസ് ഡോളറാണ് ദ്വീപിന് സഹായം നല്‍കിയത്. സാമൂഹിക, ആരോഗ്യ സേവനങ്ങള്‍, ഗതാഗതം, സംഭരണം, വിദ്യാഭ്യാസം, മത്സ്യബന്ധനം, നിര്‍മാണം, പൊതു വിദ്യാഭ്യാസം, ഊര്‍ജം, ജലം, പൊതുജനാരോഗ്യം തുടങ്ങി സുപ്രധാന മേഖലകള്‍ക്കെല്ലാം സഹായം പിന്തുണ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

    സൊകോത്ര വിമാനത്താവളം പുനഃസ്ഥാപിച്ചത് വികസന പ്രക്രിയയെ സഹായിക്കുകയും ദ്വീപിലേക്കും തിരിച്ചും ഗതാഗതം സുഗമമാക്കുകയും ചെയ്തു. ദ്വീപിന്റെ ആരോഗ്യമേഖലയ്ക്കും യുഎഇയുടെ സഹായം ഉപയോഗപ്രദമായി. ആശുപത്രികളെയും മെഡിക്കല്‍ സെന്ററുകളെയും പിന്തുണയ്ക്കുകയും പ്രവര്‍ത്തിപ്പിക്കുകയും മെഡിക്കല്‍ ഉപകരണങ്ങള്‍, ആംബുലന്‍സുകള്‍, ശസ്ത്രക്രിയ മുറികള്‍, കിടക്കകള്‍, ഐസിയു യൂനിറ്റ്, സിടി സ്‌കാന്‍ മെഷീനുകള്‍ തുടങ്ങിയവ സ്ഥാപിച്ചു.

    സൗരോര്‍ജ മേഖലയിലും നിരവധി പ്രവര്‍ത്തനങ്ങള്‍ക്കു സഹായമേകി. നാല് പവര്‍ പ്ലാന്റുകള്‍, വിദൂര ഗ്രാമങ്ങളില്‍ പവര്‍ ജനറേറ്ററുകള്‍ എന്നിവ സ്ഥാപിച്ചു. അബൂദബി വികസന ഫണ്ട്(എഡിഎഫ്ഡി) ഉഫയോഗിച്ച് ദ്വീപിലെ പ്രധാന റോഡുകളും കുടിവെള്ള സ്‌റ്റേഷനുകളും പുനര്‍നിര്‍മിക്കുന്നതിനും സൗരോര്‍ജ്ജ നിലയങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തു. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഫൗണ്ടേഷ പൊതുജനാരോഗ്യ ഓഫിസില്‍ അടിസ്ഥാന ഉപകരണങ്ങളും മറ്റും നല്‍കി. ദ്വീപിലെ പൊതുഗതാഗത-സമുദ്ര ഗതാഗത മേഖല, വിദ്യാഭ്യാസ മേഖല, ജീവകാരുണ്യ പ്രവര്‍ത്തനം, സാമൂഹിക-സാംസ്‌കാരിക പദ്ധതികള്‍, ഉല്‍പ്പാദന മേഖല എന്നിവയിലെല്ലാം സഹായങ്ങള്‍ നല്‍കിയതായും യുഎഇ അധികൃതര്‍ അറിയിച്ചു.

Tags: