കൊടുങ്കാറ്റ്; യുഎഇ ചരക്കുകപ്പല്‍ ഇറാന്‍ തീരത്ത് മുങ്ങി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Update: 2022-03-17 13:19 GMT

ദുബയ്: യുഎഇ ചരക്കുകപ്പല്‍ ഇറാന്‍ തീരത്ത് കടലില്‍ മുങ്ങി. ഇറാനിലെ അസലൂയി തീരത്ത് ഇന്ന് പുലര്‍ച്ചെയാണ് കൊടുങ്കാറ്റില്‍പ്പെട്ട് കപ്പല്‍ മുങ്ങിയത്. ഇന്ത്യക്കാരടക്കം 30 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ ബാക്കി എല്ലാവരെയും രക്ഷപ്പെടുത്തിയതായി കപ്പല്‍ ഉടമസ്ഥരായ കമ്പനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. ഒരാള്‍ക്കുവേണ്ടിയുള്ള ഇനിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസലൂയി തുറമുഖത്തുനിന്ന് 50 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.

ഇന്ത്യ, പാകിസ്താന്‍, സുഡാന്‍, ഉഗാണ്ട, താന്‍സാനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ജീവനക്കാര്‍. കാറുകള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളുമായി ഇറാഖിലെ ഉമ്മു ഖസറിലേക്ക് പോയതാണ് കപ്പല്‍. രണ്ട് ഇറാനിയന്‍ റെസ്‌ക്യൂ വെസലുകള്‍ അപകടസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും മണിക്കൂറില്‍ 70 കിലോമീറ്റര്‍ (43 മൈല്‍) വേഗതയില്‍ കാറ്റടിച്ചതായും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തങ്ങളുടെ കപ്പല്‍ മുങ്ങിയതെന്ന് ദുബയ് ആസ്ഥാനമായുള്ള സേലം അല്‍ മക്രാനി കാര്‍ഗോ കമ്പനി നേരത്തെ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു. അസലൂയി തുറമുഖ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്ഥാപനത്തിന്റെ വക്താവ് പറഞ്ഞു. അസലൂയിയുടെ കടലില്‍ ശക്തമായ കാറ്റിനും കനത്ത കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

Tags: