472 തടവുകാരെ പൊതുമാപ്പ് നല്‍കി മോചിപ്പിക്കാനൊരുങ്ങി യുഎഇ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയതെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.

Update: 2020-11-26 17:34 GMT

ദുബയ്: 49ാം ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇയില്‍ പൊതുമാപ്പ് നല്‍കി 472 തടവുകാരെ മോചിപ്പിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയതെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. തടവുകാര്‍ക്ക് സാധാരണ ജീവിതം പുനരാരംഭിക്കാനും സമൂഹത്തില്‍ വീണ്ടും സജീവമാവാനും സഹായിക്കുകയെന്ന ഭരണാധികാരിയുടെ താല്‍പര്യത്തിന് അനുസൃതമായാണ് ദേശീയദിനത്തോടനുബന്ധിച്ച് ഇത്തരമൊരു മോചനസംരംഭമെന്ന് ദുബയ് അറ്റോര്‍ണി ജനറല്‍ എസ്സാം ഈസ അല്‍ ഹുമൈദാന്‍ പറഞ്ഞു.

മാപ്പുനല്‍കിയ തടവുകാര്‍ക്ക് സമൂഹത്തില്‍ ഇടപഴകാനും ശരിയായ പാതയിലേക്ക് മടങ്ങാനും ഇത് സഹായിക്കും. പൊതുമാപ്പ് യുഎഇയുടെ സഹിഷ്ണുതയുടെ ഭാഗമാണ്. രാജ്യം സ്ഥാപിതമായത് മുതല്‍ നടപ്പാക്കിവരുന്നതാണ്. മാപ്പുനല്‍കിയ തടവുകാര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കാനും സമൂഹത്തെയും കുടുംബത്തെയും സേവിക്കുന്നതില്‍ ക്രിയാത്മകമായ സംഭാവന നല്‍കാനും പൊതുമാപ്പ് എത്രയും വേഗം നടപ്പാക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന്‍ ഇതിനകം ദുബയ് പോലിസുമായും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയദിനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച 628 തടവുകാര്‍ക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ പൊതുമാപ്പ് അനുവദിച്ചിരുന്നു. പൊതുമാപ്പ് നല്‍കുന്നതോടൊപ്പം ഇവരുടെ സാമ്പത്തികബാധ്യതകളും പിഴകളും എഴുതിത്തള്ളുമെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News