കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് അകമഴിഞ്ഞ് സംഭാവന നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പിണറായി വിജയനെയും പ്രതിനിധി സംഘത്തെയും ഉപപ്രധാനമന്ത്രി തന്റെ കൊട്ടാരത്തില്‍ സ്വീകരിച്ചു. കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം താല്‍പര്യപൂര്‍വം മുഖ്യമന്ത്രിയോട് ചോദിച്ചു.

Update: 2019-02-13 16:42 GMT

അബൂദബി: കേരളത്തിന്റെ വികസനത്തിനും പുനര്‍നിര്‍മാണത്തിനും അകമഴിഞ്ഞ് സംഭാവനകള്‍ നല്‍കാന്‍ യുഎഇ തയ്യാറാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പിണറായി വിജയനെയും പ്രതിനിധി സംഘത്തെയും ഉപപ്രധാനമന്ത്രി തന്റെ കൊട്ടാരത്തില്‍ സ്വീകരിച്ചു. കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം താല്‍പര്യപൂര്‍വം മുഖ്യമന്ത്രിയോട് ചോദിച്ചു. തുടര്‍ന്ന് കേരളത്തിന്റെ വികസനത്തെക്കുറിച്ചും പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു.


കേരളത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വികസനമെന്നത് യുഎഇയുടെ വികസനം പോലെയാണ് തങ്ങള്‍ കാണുന്നത്. കേരളവുമായി അത്രത്തോളം ബന്ധമാണ് യുഎഇയ്ക്കുള്ളത്. കൃഷി, ആരോഗ്യം, ഊര്‍ജം, ടൂറിസം എന്നീ നാല് പ്രധാന മേഖലകളില്‍ നിക്ഷേപം നടത്താനും താല്‍പര്യമുണ്ട്. തന്റെ കുടുംബവും കേരളവും തമ്മില്‍ സവിശേഷമായ ബന്ധമുണ്ട്. കേരളത്തിന്റെ കുന്നിന്‍പുറങ്ങള്‍ കാണാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും പര്‍വതാരോഹണത്തില്‍ താല്‍പര്യമുള്ള ശൈഖ് മന്‍സൂര്‍ പറഞ്ഞു.

അതിനിടെ, കേരളത്തിന്റെ നിക്ഷേപനിധിയില്‍ പങ്കാളിത്തം വഹിക്കാന്‍ അബുദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അബുദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടറും അബുദബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പിണറായി വിജയന്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ചത്.

അരഡസനോളം നിക്ഷേപ പദ്ധതികള്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു. പെട്രോ കെമിക്കല്‍ കോംപ്ലക്‌സ് പാര്‍ക്ക്, സ്‌പൈസ് പാര്‍ക്ക്, ഡിഫന്‍സ് പാര്‍ക്ക്, എയറോസ്‌പേസ് പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക് എന്നീ പദ്ധതികളെക്കുറിച്ചാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന അനുഭാവപൂര്‍വം കേട്ട അദ്ദേഹം ഇക്കാര്യത്തിലുള്ള താല്‍പര്യം അറിയിച്ചു. നേരിട്ടുള്ള നിക്ഷേപങ്ങളുടെ സാധ്യതയും മുഖ്യമന്ത്രി അധികൃതരെ ധരിപ്പിച്ചു. ഇക്കാര്യങ്ങള്‍ പഠിക്കാന്‍ എത്രയും പെട്ടെന്ന് ഒരു പ്രതിനിധിസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് ഷെയ്ഖ് ഹമദ് വ്യക്തമാക്കി.

Tags:    

Similar News