സൗദിയില്‍ ജനവാസ മേഖലയില്‍ മിസൈല്‍ ആക്രമണം; രണ്ടു മരണം, 12 പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ അല്‍ ഖര്‍ജ് പ്രവിശ്യയിലെ ജനവാസ മേഖലയിലേക്ക് സൈനിക മിസൈല്‍ പതിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സൗദി അധികൃതര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം അപകടത്തില്‍ മരിച്ച രണ്ടുപേരും ബംഗ്ലാദേശ് പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു.
സംഭവത്തില്‍ പരിക്കേറ്റ 12 പേരില്‍ 11 പേരും ബംഗ്ലാദേശ് സ്വദേശികളാണ്. ഒരാള്‍ ഇന്ത്യന്‍ പൗരനാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ട് സൗദി അധികൃതരുമായി ബന്ധപ്പെട്ടു. പരിക്കേറ്റ ഇന്ത്യന്‍ പൗരനെ സന്ദര്‍ശിക്കുന്നതിനായി കൗണ്‍സിലര്‍ വൈ സാബിര്‍ കഴിഞ്ഞ രാത്രി തന്നെ അല്‍ ഖര്‍ജിലെത്തി. നിലവില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപോര്‍ട്ടുകള്‍.